ബംഗളുരു: പഠിച്ചതു കൂടി മറന്നു പോകുന്ന കാലമാണ് പരീക്ഷാക്കാലം. പരീക്ഷ എങ്ങനെയെങ്കിലും ഒന്ന് തീർന്നാൽ മതിയെന്ന ചിന്തയിലാണ് മിക്കവരും. പക്ഷേ ബംഗളുരു സ്വദേശി പുഷ്പയ്ക്ക് പരീക്ഷാക്കാലം സന്തോഷത്തിന്റേതാണ്.
2007 മുതൽ ഇങ്ങോട്ട് 700ലധികം പരീക്ഷകളാണ് 31കാരിയായ പുഷ്പ എഴുതിയിട്ടുള്ളത്. ഇതൊന്നും പക്ഷേ തനിക്കുവേണ്ടിയുള്ളതായിരുന്നില്ല. കഴിഞ്ഞ 12 വർഷമായി ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കായി പരീക്ഷ പകർത്തിയെഴുതി കൊടുക്കുന്ന പുഷ്പയെ രാജ്യം ആദരിച്ചത് കഴിഞ്ഞ വർഷത്തെ നാരീ ശക്തി പുരസ്കാരം നൽകിയാണ്. കുട്ടികളുടെ വിജയവും ഭാവിയും തീരുമാനിക്കുന്നത് എന്റെ ഉത്തരമെഴുത്താണ്. അതുകൊണ്ടുതന്നെ എഴുതുന്ന ഓരോ പരീക്ഷയ്ക്കും ഞാൻ വളരെയേറെ പ്രധാന്യം കൊടുക്കാറുണ്ട്.
എനിക്ക് വേണ്ടി പരീക്ഷയെഴുതിയപ്പോൾ പോലും ഇപ്പോഴത്തെ സംതൃപ്തിയും സന്തോഷവും തോന്നിയിട്ടില്ലെന്നും പുഷ്പ പറയുന്നു.
പരീക്ഷ തുടങ്ങുന്നതിന് മുമ്പായി തന്നെ വിദ്യാർത്ഥിയുമായി അടുപ്പം ഉണ്ടാക്കുന്ന പുഷ്പ ഉത്തരം ഓർത്തെടുക്കാനുള്ള സമയവും നൽകാറുണ്ട്. പരീക്ഷയ്ക്കായി ടെൻഷനടിക്കണ്ട എന്നതാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. തിടുക്കപ്പെട്ട് അവരുടെ ആത്മവിശ്വാസം കെടുത്തുന്ന യാതൊരു നടപടികൾക്കും പുഷ്പ മുതിരില്ല.
പരീക്ഷയനുസരിച്ച് ജോലി ക്രമപ്പെടുത്തിയാണ് പുഷ്പ വിദ്യാർത്ഥികളെ സഹായിക്കാനെത്തുന്നത്. ഓഫെടുക്കുകയോ ഷിഫ്റ്റ് മാറ്റിയെടുക്കുകയോ ചെയ്യും. പുഷ്പ ജോലി ചെയ്യുന്ന സ്ഥാപനവും മികച്ച പിന്തുണ നൽകുന്നു.