ലൂസിഫറിനായി കാത്തിരിക്കുകയാണ് മലയാള സിനിമയും പ്രേക്ഷകരും. മാർച്ച് 28ന് ചിത്രം തിയേറ്ററിലെത്തുമ്പോൾ എന്താകും പൃഥ്വിരാജ് എന്ന സംവിധായകൻ മോഹൻലാലിലൂടെ നൽകുന്ന വിരുന്ന് എന്നറിയാനുള്ള ആവേശത്തിലാണ് ഇരു താരങ്ങളുടെയും ആരാധകർ. അത് നന്നായി അറിയാവുന്നതു കൊണ്ടു തന്നെയാകാം ലൂസിഫറിന്റെ പല വിശേഷങ്ങളും ഇതിനോടകം തന്നെ അണിയറ പ്രവത്തകർ പുറത്തു വിട്ടിരുന്നു, ക്യാരക്‌ടർ പോസ്‌റ്ററുകളടക്കം. എന്നാൽ ലൊക്കേഷനിൽ വച്ചുണ്ടായ രസകരമായ ഒരനുഭവം കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവയ്‌ക്കുകയുണ്ടായി.
ഹൈദരാബാദിലെ ഓഫിസിൽ ഫേസ്ബുക്ക് തന്നെ സംഘടിപ്പിച്ച മോഹൻലാലിനൊപ്പമുള്ള ലൈവ് ചാറ്റിനിടെയായിരുന്നു പൃഥ്വി മനസു തുറന്നത്. ഷൂട്ടിംഗ് ആരംഭിച്ച നിമിഷത്തിൽ ക്യാമറയ്‌ക്ക് മുന്നിൽ നിന്ന് ലാലേട്ടൻ തന്നെ സാർ എന്ന് അഭിസംബോധന ചെയ്‌തതിനെ കുറിച്ചായിരുന്നു പൃഥ്വി പറഞ്ഞത്.
'ലാലേട്ടൻ ആക്‌ച്വലി ഫസ്‌റ്റ് ഡേ ഫസ്‌റ്റ് ഷോട്ടിന് ക്യാമറയ്‌ക്ക് മുന്നിൽ പോയിട്ട്, ഞാൻ മോണിറ്ററിൽ ഇരിക്കുവാണ്. സാർ ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഞാൻ എണീറ്റ് ലാലേട്ടനടുത്ത് പോകുന്നതിനു മുമ്പ് മുരളിയോടു ചോദിച്ചു, എന്നെ ടെസ്‌റ്റ് ചെയ്യുവാണോ? കാരണം ഒഫ്‌കോഴ്‌സ് ലാലേട്ടന് എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായിട്ടറിയാം. ലാലേട്ടനതിന്റെ സ്‌ക്രിപ്‌റ്റും കഥാപാത്രവും എല്ലാം നന്നായിട്ടറിയം. പക്ഷേ എന്നാലും ഡയറക്‌ടർ എന്താണ് കണ്ടത് എന്ന് ലാലേട്ടന് അറിയണം. കേട്ടിട്ട് പിന്നെ പുള്ളിക്കാരന്റെ ഒരു പ്രോസസുണ്ട്. അതാണ് മോഹൻലാൽ മാജിക്. ആ പ്രോസസിലാണ് ലാലേട്ടന്റെ മാജിക്'.