mohanlal-manju-warrier

ഒരു ഡയലോഗിന്റെ പേരിൽ മാത്രം ഏറെ പരിഹാസം കേൾക്കേണ്ടി വന്നു അടുത്തിടെ നമ്മുടെ ലേഡീ സൂപ്പർ താരം മഞ്ജു വാര്യർക്ക്. സിനിമയും ഡയലോഗുമെല്ലാം ഇതിനോടകം തന്നെ വായനക്കാർക്ക് പിടികിട്ടിയിട്ടുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ. ഒടിയനിലെ 'കഞ്ഞി എടുക്കട്ടെ മാണിക്യ' എന്നതു തന്നെ കുപ്രസിദ്ധമായ ആ ഡയലോഗ്. ഇപ്പോഴിതാ വീണ്ടും ലാലിനോട് കഞ്ഞി എടുക്കട്ടെയെന്ന് ചോദിക്കുകയാണ് മഞ്ജു. കഴിഞ്ഞദിവസം ഹൈദരബാദിലെ ഫേസ്ബുക്ക് ഓഫീസിൽ നടന്ന ഫേസ്ബുക്ക് ലൈവിനിടെയായിരുന്നു മഞ്ജുവിന്റെ വക ചിരിപൊട്ടിയത്. അവതാരകന്റെ നിർബന്ധത്തെ തുടർന്നായിരുന്നു ചോദ്യം.

തന്നെ വഴക്കു പറയരുതേ ലാലേട്ടാ എന്ന മുൻകൂർ ജാമ്യത്തോടെയാണ് മഞ്ജു ആരംഭിച്ചത്. തുടർന്ന് കഞ്ഞിയെടുക്കട്ടെ മാണിക്യാ... എന്ന ഡയലോഗിന് ചെറു പുഞ്ചിരിയോടെ ആയിക്കോട്ടെ, അൽപം ചമ്മന്തി കൂടി എടുത്തോളൂ എന്ന രസകരമായ മറുപടിയും ലാൽ നൽകുകയായിരുന്നു. തുടർന്ന് റിലീസിനൊരുങ്ങുന്ന ലൂസിഫറിന്റെയും, ചിത്രീകരണം പുരോഗമിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രത്തിന്റെയും വിശേഷങ്ങൾ ഇരുവരും പങ്കുവച്ചു.

മഞ്ജുവിനെ കൂടാതെ പൃഥ്വിരാജ്, സൂര്യ, ടൊവിനോ തോമസ്, സുചിത്രാ മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവരും ഫേസ്ബുക്ക് ലൈവിൽ ലാലിനൊപ്പം ചേർന്നിരുന്നു.