modi

ഗുവാഹത്തി: പ്രധാനമന്ത്രി നരേന്ദ്രമോദി അപേക്ഷിച്ചാൽ തിരികെ ബി.ജെ.പിയിലേക്ക് വരാനും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും തയ്യാറാണെന്ന് പാർട്ടി വിട്ട എം.പി റാം പ്രസാദ് ശർമ. അസമിൽ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു റാം.

ലോക്‌സഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടപ്പോൾ തന്നെ ഉൾപ്പെടുത്തിയില്ലെന്ന കാരണത്താൽ പ്രതിഷേധിച്ച് അദ്ദേഹം പാർട്ടി വിടുകയായിരുന്നു. പാർട്ടി തന്നെ അവഗണിച്ചെന്നും,​ അവഹേളിച്ചെന്നും,​ വേദനിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചാണ്.

ഗൂർഖ സമുദായത്തിൽപെട്ട ശർമ 2014ൽ കന്നിയങ്കത്തിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥിയെ 86,000 വോട്ടിന് തോല്പിച്ചാണ് ലോക്‌സഭയിൽ എത്തിയത്. തേസ്പുരിലെ വോട്ടർമാരിൽ ഭൂരിപക്ഷവും ഗൂർഖകളാണ്.

‘‘1976 മുതൽ ആർ.എസ്.എസ് സ്വയംസേവകനാണ് ഞാൻ. എന്റെ രക്തത്തിലും ശ്വാസത്തിലും പ്രസ്ഥാനം മാത്രമാണുള്ളത്. ബി.ജെ.പി വിട്ടതിനു പിന്നാലെ കോൺഗ്രസ്, ടി.എം.സി, എൻ.പി.പി ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിനിധികൾ സമീപിച്ചിരുന്നു. എന്തൊക്കെ ഓഫറുകൾ വച്ചു നീട്ടിയാലും ശരി, മറ്റൊരു പാർട്ടിയിലും ചേർന്നു പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്നില്ല. ബി.ജെ.പിയിൽ തിരികെ ചെല്ലാൻ സാധിച്ചില്ലെങ്കിൽ അഭിഭാഷക തൊഴിലിലേക്കു മടങ്ങും, അത്രതന്നെ. തിരികെ ചെല്ലണമെങ്കിൽ പ്രധാനമന്ത്രി മോദിയും പാർട്ടി പ്രസിഡന്റ് അമിത് ഷായും നേരിട്ട് അഭ്യർഥിക്കണം എന്നു മാത്രം’’ - ശർമ പറഞ്ഞു.

അതേസമയം, ശർമയുടെ രാജി ബി.ജെ.പി കേന്ദ്ര നേതൃത്വം ഇതുവരെ സ്വീകരിച്ചിട്ടില്ല. തേസ്പുരിൽ അദ്ദേഹത്തെ തന്നെ സ്ഥാനാർത്ഥിയാക്കി പുതിയ പട്ടിക രൂപീകരിക്കാൻ സംസ്ഥാന ഘടകത്തിനോട് നിർദേശിച്ചതായാണ് റിപ്പോർട്ടുകൾ.