ഹൈദരാബാദ്: തെലുങ്കാനയുടെ ആദ്യ മുഖ്യനും ടി.ആർ.എസ് നേതാവുമായ കെ. ചന്ദ്രശേഖർ റാവുവിനോടു കളിക്കണ്ട. വേണ്ടിവന്നാൽ ദേശീയ പാർട്ടി തന്നെ രൂപീകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്! ചിലരുടെ വിചാരം തനിക്കൊപ്പം 16 എം.പിമാരേ ഉള്ളൂവെന്നാണ്. 120-ഓളം എം.പിമാർ പിന്തുണയ്‌ക്കാനുണ്ട്- കരിംനഗറിൽ തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗക്കവേയാണ് റാവുവിന്റെ പ്രഖ്യാപനം.
കോൺഗ്രസും ബി.ജെ.പിയുമില്ലാത്ത ഭാരതമാണ് എന്റെ സ്വപ്‌നം. രണ്ടു പാർട്ടികളും വികസനം മറന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിനു പുറകെയാണ്. ദേശീയതലത്തിൽ ടി.ആർ.എസ് നേതൃത്വത്തിൽ മുന്നണി ആവശ്യമാണെന്ന് ബോധ്യമുണ്ടായാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ജനങ്ങളുടെ അനുഗ്രഹത്തോടെ ഇക്കാര്യം ഗൗരവപൂർവം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി രൂപീകരിക്കുന്നതിന്റെ ഭാഗമായി മമതാ ബാനർജി, അഖിലേഷ് യാദവ്, എം.കെ സ്റ്റാലിൻ എന്നിവരുമായി റാവു നേരത്തേ കൂടിക്കാഴ്‌ച നടത്തിയിരുന്നു.