കൊച്ചി: തന്റെ ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് നിന്നും മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നതിന് മുമ്പ് നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിലാണ് ഹൈബി വികാരധീനനായത്. നിറ കണ്ണുകളോടെയാണ് അദ്ദേഹം അനുഭവങ്ങൾ തുറന്നുപറഞ്ഞത്.
സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈബി ആദ്യം എത്തിയത് പൊറ്റക്കുഴി പളളി സെമിത്തേരിയിലെ പിതാവിന്റെ കല്ലറയ്‌ക്ക് മുന്നിലാണ്. "അച്ഛനെയും അമ്മയെയും ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ട തനിക്ക് കോൺഗ്രസ് പാർട്ടി നൽകിയ സഹായ സഹകരണങ്ങൾ ഹൈബി എണ്ണിയെണ്ണി പറഞ്ഞു. മറ്റെല്ലാവരേക്കാളും പാർട്ടിയോട് താൻ കൂടുതൽ കടപ്പെട്ടിരിക്കുന്നു. നാല് വയസുള്ളപ്പോഴാണ് അമ്മയെ നഷ്ടമായത്. 19-ാം വയസ്സിൽ പാർട്ടി പ്രവർത്തകനും മുൻ എം.പിയുമായിരുന്ന അച്ഛൻ ജോർജ് ഈഡനും ഓർമ്മയായി.
ഈ സമയങ്ങളിൽ തനിക്കും സഹോദരിക്കും എല്ലാവിധ പിന്തുണയും നൽകിയത് കോൺഗ്രസ് പാർട്ടിയായിരുന്നു. അച്ഛൻ മരിച്ച് ഒറ്റയ്‌ക്കായ തനിക്ക് അഞ്ചുലക്ഷം രൂപയുടെ കടമുണ്ടായിരുന്നു. ഭവനവായ്‌പയുടെ കുടിശ്ശികയായിരുന്നു ഇത്. അന്നത്തെ ജില്ലാ പ്രസിഡന്റ് കെ.പി ധനപാലൻ 10 ലക്ഷം രൂപയാണ് സഹായധനമായി കൈമാറിയത്. അക്കാലത്ത് പാർട്ടിക്ക് ഇത്തരം കീഴ്‌വഴക്കങ്ങൾ ഉണ്ടായിരുന്നില്ല. കോൺഗ്രസ് പിരിച്ചുതന്ന ഈ പത്തുലക്ഷം രൂപയിൽ നിന്നുളള പലിശ കൊണ്ടാണ് അന്ന് തന്റെ കുടുംബം കഴിഞ്ഞിരുന്നതെ"ന്നും ഹൈബി പറഞ്ഞു.