ദുബായ്: പ്രവാസികൾക്ക് വീണ്ടും ആശങ്കയുണർത്തി സ്വദേശി വത്കരണവുമായി യു.എ.ഇ. സ്വദേശിവത്കരണത്തിന്റെ ഭാഗമായി ഈ വർഷം സ്വകാര്യമേഖലയിൽ 30,000 സ്വദേശികൾക്ക് ജോലി നൽകാനാണ് യു.എ.ഇയുടെ പദ്ധതി.
ഈ വർഷം മുപ്പതിനായിരം സ്വദേശി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. നേരിട്ടുള്ള നിയമനത്തിലൂടെ സ്വദേശിവത്കരണ പദ്ധതികൾ ശക്തിപ്പെടുത്തുമെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി നാസർ ബിൻ താനി അൽ ഹംലി വ്യക്തമാക്കി.
സ്വദേശിവത്കരണം നടപ്പാക്കുന്നതിന് നാലു പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ഇതുപ്രകാരം ഈ വർഷം മുപ്പതിനായിരം പേർക്കാണ് സ്വകാര്യ മേഖലയിൽ ജോലി നൽകുന്നത്. 2017-ൽ 6,862 തൊഴിലവസരങ്ങളായിരുന്നു സൃഷ്ടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 20,225 എന്ന നിലയിലേക്ക് ഉയർന്നിരുന്നു.
വ്യോമയാനം, ഗതാഗതം, റിയൽ എസ്റ്റേറ്റ്, ബാങ്കിങ്ങ്, ഇൻഷുറൻസ്, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലായിരിക്കും സ്വദേശികൾക്ക് ജോലി നൽകുന്നത്. 2031 ആകുന്നതോടെ യു.എ.ഇ.യിലെ തൊഴിൽ വിപണിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്നും നാസർ ബിൻ താനി അൽ ഹംലി പറഞ്ഞു.