sumalatha

ബംഗളൂരു: ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുമോ എന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സുമലത അംബരീഷ് മാണ്ഡ്യയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഭർത്താവ് അംബരീഷിന്റെ മണ്ഡലമായ മാണ്ഡ്യയിൽ നിന്ന് സുമലത മത്സരിക്കുന്നതോടെ കോൺഗ്രസ്- ജെ.ഡി.എസ് സഖ്യ സ്ഥാനാർത്ഥിയായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിക്ക് വിജയം എളുപ്പമാവില്ല.

ഫിലിം ഫ്രറ്റേണിറ്റി അംഗങ്ങളായ തമിഴ് താരങ്ങൾക്കൊപ്പം വാർത്താ സമ്മേളനത്തിലാണ് സുമലത സ്ഥാനാർത്ഥിത്വം സ്ഥിരീകരിച്ചത്.

തനിക്കോ കുടുംബത്തിനു വേണ്ടിയല്ല, മറിച്ച് അംബരീഷിന്റെ ആരാധകർക്കു വേണ്ടിയാണ് സ്വതന്ത്രയായി മത്സരിക്കുന്നതെന്നും സുമലത പറഞ്ഞു. ''മത്സരിക്കാൻ പ്രചോദനമായത് ജെ.ഡി.എസ് തന്നെയാണ്. രാഷ്ട്രീയം പറഞ്ഞ് അംബരീഷിന്റെ മരണാനന്തര ചടങ്ങുകൾ അവർ ബഹിഷ്കരിച്ചു. എന്നെയും എന്റെ കുടുംബത്തെയും നിശബ്ദമാക്കി. അംബരീഷിന്റെ മരണശേഷം എന്നെ കരകയറ്റിയത് മാണ്ഡ്യയിലെ ജനങ്ങളാണ്. മത്സരം അവർക്കുവേണ്ടിയാണ്"- സുമലത വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മാണ്ഡ്യയിലെ കോൺഗ്രസ് പ്രവർത്തകർ തനിക്ക് പിന്തുണ പ്രഖ്യാപിച്ചെന്നും കോൺഗ്രസ് പിന്തുണ മാത്രമാണ് ആഗ്രഹിക്കുന്നതെന്നും സുമലത വ്യക്തമാക്കി.