തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന അതികായനെ വെല്ലാൻ എൽ.ഡി.എഫ് ഇക്കുറി മലപ്പുറത്ത് പരീക്ഷിക്കുന്ന വി.പി. സാനുവാണ് കേരളത്തിൽ നിന്നുള്ള മുന്നണി സ്ഥാനാർത്ഥികളിൽ 'ബേബി'- 30 വയസ്സ്. കുഞ്ഞാലിക്കുട്ടിയുമായുള്ള വി.പി. സാനുവിന്റെ പോരാട്ടത്തിന് ഒരു കുടുംബചരിത്രം കൂടിയുണ്ട്. 1991-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറ്റിപ്പുറം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടിയെ എതിരിട്ട വി.പി. സഖറിയയുടെ മകനാണ് വി.പി. സാനു. അന്നു രണ്ടാം സ്ഥാനത്തെത്തിയ സഖറിയയ്‌ക്കു കിട്ടിത് 30.9 ശതമാനം വോട്ട്.
പ്രായക്കണക്കു നോക്കിയാൽ കോൺഗ്രസിലാണ് ഇക്കുറി 'കുട്ടിസ്ഥാനാർത്ഥി'കൾ അധികം. ആലത്തൂരിൽ ഡോ. പി.കെ. ബിജുവിന്റെ ഹാട്രിക് ശ്രമത്തിന് തടയിടാൻ കോൺഗ്രസ് കളത്തിലിറക്കുന്ന രമ്യ ഹരിദാസിന് 32 വയസ്സേയുള്ളൂ. മുപ്പതുകാരൻ വി.പി. സാനു എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് ആണെങ്കിൽ രമ്യ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കോ-ഓർഡിനേറ്റർ.ആലത്തൂരിൽ ബിജുവിന്റെ ആദ്യമത്സരം 35-ാം വയസ്സിലായിരുന്നു.
സീറ്റ് നിഷേധിക്കപ്പെട്ടതിന്റെ പേരിൽ പൊട്ടിത്തെറിക്കുകയും, ചെയ്യാൻ ഒരുപാട് ബാക്കിയുണ്ടെന്ന് ആകുലചിത്തനാവുകയും ചെയ്‌ത കുമ്പളങ്ങി ഫെയിം തോമസ് മാഷിന് (പ്രൊഫ. കെ.വി. തോമസ്) വയസ്സ് 73 ആയി. മാഷെ വെട്ടി സ്ഥാനാർത്ഥിത്വം പിടിച്ച ഹൈബി ഈഡന് 36 വയസ്സ്. വയനാട് മണ്ഡലത്തിൽ അവസാന നിമിഷം വരെ ആകാംക്ഷ ബാക്കിവച്ച ടി.സിദ്ദിഖിന് 44 വയസ്സുണ്ട്. വയനാടിനു വേണ്ടി സിദ്ദിഖിനോട് എതിരിട്ടു നിന്ന ഷാനിമോൾ ഉസ്‌മാന് 52 വയസ്സായി.
കോൺഗ്രസിന്റെ രാജ്യാന്തര മുഖവും ഗ്ളാമർ താരവുമായ ശശി തരൂരും, മത്സരങ്ങളിൽ തോറ്റ ചരിത്രം ഇന്നോളം കേട്ടിട്ടില്ലാത്ത സി.പി.ഐയിലെ സി. ദിവാകരനും, ബി.ജെ.പിയുടെ പ്രതീക്ഷാമണ്ഡലമായ തലസ്ഥാനത്തു മത്സരിക്കാൻ ഗവർണർ പദവി രാജിവച്ചുവന്ന കുമ്മനം രാജശേഖരനും പോർക്കളത്തിലുള്ള തിരുവനന്തപുരം ആണ് അക്ഷാരാർത്ഥത്തിൽ ഇത്തവണത്തെ വയസ്സൻ ക്ളബ്. സംസ്ഥാനത്തു തന്നെ മുന്നണി സ്ഥാനാർത്ഥികളിൽ ഏറ്റവും പ്രായക്കൂടുതൽ സി. ദിവാകരന് ആണ്- വയസ്സ് 76. കുമ്മനമാണ് സെക്കൻഡ്. 66 വയസ്സ്. ഗ്ളാമറൊന്നും പോയിട്ടില്ലെങ്കിലും തരൂരിന് 63 വയസ്സായി.
കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ യുവനിരയുടെ കൂട്ടത്തിൽ മാദ്ധ്യമങ്ങൾ ഉൾപ്പെടുത്തിയ തൃശൂരിലെ സ്ഥാനാർത്ഥി ടി.എൻ. പ്രതാപന് ഷഷ്‌ടിപൂർത്തിയെത്താൻ മാസങ്ങളേയുള്ളൂ! കണ്ണൂരാണ് സീനിയേഴ്സ് മത്സരിക്കുന്ന വേറൊരു മണ്ഡലം. എഴുപത് വയസ്സായ കോൺഗ്രസ് നേതാവ് കെ. സുധാകരന് വേണമെങ്കിൽ സി.പി.എമ്മിന്റെ സിറ്റിംഗ് എം.പി. പി.കെ. ശ്രീമതിയെ അനുജത്തിയെന്നു വിളിക്കാം- ടീച്ചർക്ക് 69 തികഞ്ഞിട്ടേയുള്ളൂ.
ചരിത്രം കുറിച്ച
ചെറുപ്പം
ലോക്‌സഭയിലേക്കുള്ള മത്സരത്തിന് കുറഞ്ഞ പ്രായപരിധി 25 വയസ്സാണ്. ആ പ്രായത്തിൽ എം.പിയായി എക്കാലത്തെയും ചരിത്രമെഴുതിയ മിടുക്കൻ ഹരിയാനയിലാണ്- ദുഷ്യന്ത് ചൗട്ടാല. ഓം പ്രകാശ് ചൗട്ടാലയുടെ പൗത്രനും, സാക്ഷാൽ ദേവിലാലിന്റെ പ്രപൗത്രനും. കോളേജ് പഠനം കഴിഞ്ഞ് 2014-ലെ തിരഞ്ഞെടുപ്പിൽ ഹിസാർ മണ്ഡലത്തിൽ നിന്ന് സ്ഥാനാർത്ഥിയായ ദുഷ്യന്ത് ചൗട്ടാല ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ടാലും 30 വയസ്സേയുള്ളൂ. നമ്മുടെ വി.പി.സാനുവിന്റെ പ്രായം.
കേരളത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ എം.പിയായ വീരകഥ രാമചന്ദ്രൻ കടന്നപ്പള്ളിയുടേതാണ്. 1971-ൽ ഇരുപത്തിയാറാം വയസ്സിൽ കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി രാമചന്ദ്രൻ തോൽപ്പിച്ചത് ചിലറക്കാരനെയല്ല- ഇ.കെ. നയാനാരെ! അങ്ങനെ കടന്നപ്പള്ളിക്ക് 'ജയന്റ് കില്ലർ' എന്ന് വിളിപ്പേരും വീണു. ഇതേ തിരഞ്ഞെടുപ്പിൽ ചിറയിൻകീഴിൽ നിന്ന് മത്സരിക്കുമ്പോൾ വയലാർ രവിക്ക് 34 വയസ്സേ ഉണ്ടായിരുന്നുള്ളൂ.