mayavathi

ലക്‌നൗ: ഉത്തർപ്രദേശിൽ തനിക്കും സഖ്യകക്ഷി നേതാക്കൾക്കുമായി കോൺഗ്രസ് സീറ്റുകൾ ഒഴിച്ചിടേണ്ട കാര്യമില്ലെന്ന് മായാവതി. ബി.എസ്.പി- എസ്.പി സഖ്യം ഒന്നിച്ചു പൊരുതിയാൽ ബി.ജെ.പിയെ ദയനീയമായി പരാജയപ്പെടുത്താമെന്നും,​ അതിന് കോൺഗ്രസിന്റെ സഹായം വേണ്ടെന്നുമാണ് മായാവതിയുടെ മട്ട്.

ബി.എസ്.പി,​ എസ്.പി നേതാക്കൾ മത്സരിക്കുന്നവ ഉൾപ്പെടെ ഏഴു സീറ്റുകൾ ഒഴിച്ചിടുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. സംഗതി മായാവതിയെ ചൊടിപ്പിച്ചു. കോൺഗ്രസ് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നായിരുന്നു ട്വിറ്ററിൽ മായാവതിയുടെ പ്രതികരണം.

കോൺഗ്രസ് സ്വന്തം കാര്യം ശ്രദ്ധിച്ച് മത്സരിച്ചാൽ മതി. തങ്ങളുടെ സഖ്യത്തിന് ബി.ജെ.പിയെ ഒറ്റ‌യ്‌ക്കു പൊരുതി തോൽപ്പിക്കാൻ കഴിയും. രാജ്യത്ത് ഒരു സംസ്ഥാനത്തും ബി.എസ്.പി കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ടിട്ടില്ലെന്നും മായാവതി ട്വിറ്ററിൽ പറഞ്ഞു.