news

1. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കണം എന്ന് സമ്മര്‍ദ്ദം ശക്തം. ദുര്‍ബല സ്ഥാനാര്‍ത്ഥികളെ വടകരയില്‍ നിര്‍ത്തരുത് എന്ന് നിര്‍ദ്ദേശം. വടകരയില്‍ രാഷ്ട്രീയ പോരാട്ടം വേണം എന്ന ആവശ്യത്തില്‍ മലബാറിലെ മറ്റ് നേതാക്കളും മുല്ലപ്പള്ളിക്കായി രംഗത്ത്. കേരളത്തിലേക്കുള്ള യാത്ര മുല്ലപ്പള്ളി മാറ്റിവച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് ബലാബലത്തിന് ഒടുവില്‍ വയനാട്ടില്‍ ടി. സിദ്ദിഖിന് സാധ്യതയേറി

2. ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലും സ്ഥാനാര്‍ത്ഥി ആവും. സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കും എന്ന് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്. വടകരയില്‍ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തരുത് എന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ട് ആര്‍.എം.പി. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി രമേശ് ചെന്നിത്തല കേരളത്തിലേക്ക് തിരിച്ചു

3. അതേസമയം, സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി വി.എം സുധീരന്‍. ചര്‍ച്ചകള്‍ ജനങ്ങളുടെ മനസ് മടുപ്പിക്കുന്ന തരത്തില്‍ എന്ന് ആരോപണം. ഗ്രൂപ്പ് താത്പര്യവും കടുംപിടുത്തവും മാറ്റിവയ്ക്കണം. അനുകൂല അവസരത്തെ കോണ്‍ഗ്രസ് പാഴാക്കരുത്. താന്‍ മത്സരിക്കില്ല എന്ന് 2009-ല്‍ തീരുമാനിച്ചത്. നിലവിലെ സാഹചര്യവുമായി അതിന് ബന്ധം ഇല്ലെന്നും സുധീരന്‍

4. ഗോവയില്‍ മനോഹര്‍ പരീക്കറുടെ പിന്‍ഗാമിയായി പ്രമോദ് സാവന്തിനെ ബി.ജെ.പി തിരഞ്ഞെടുത്തേക്കും. ഏറ്റവും വലിയ ഒറ്റകക്ഷി ആയ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിന് പ്രധാനമന്ത്രിയെ കണ്ട് അവകാശവാദം ഉന്നയിച്ചതോടെ സത്യപ്രതിജ്ഞ ഇന്ന് വൈകുന്നരത്തോടെ തന്നെ ഉണ്ടായേക്കും. പരീക്കറുടെ മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ ഗോവയില്‍ എത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി രാത്രി മുഴുവന്‍ സഖ്യകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തി ഇരുന്നു

5. പരീക്കറുടെ മരണത്തോടെ ഗോവയില്‍ ബി.ജെ.പി സഖ്യം ഇല്ലാതായി എന്നും കേവല ഭൂരിപക്ഷമുള്ള ഒറ്റകക്ഷി കോണ്‍ഗ്രസ് മാത്രം ആയതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണം എന്നും ആവശ്യപ്പെട്ട് ആയിരുന്നു കോണ്‍ഗ്രസ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. ബി.ജെ.പി സഖ്യ സര്‍ക്കാരിലെ ഫ്രാന്‍സിസ് ഡിസൂസയുടെ മരണവും രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജിയും കാരണം 40 അംഗ ഗോവ നിയമസഭ 37ലേക്ക് ചുരുങ്ങി ഇരുന്നു

6. ബി.ജെ.പി നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കും. നാളെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും. തൃശൂര്‍ അടക്കം ബി.ഡി.ജെ.എസിന് അഞ്ച് സീറ്റുകള്‍ നല്‍കാന്‍ ആണ് തീരുമാനം. തൃശൂര്‍, വയനാട്, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നിവ ആണ് എന്‍.ഡി.എ മുന്നണിയില്‍ ബി.ഡി.ജെ.എസിന് നല്‍കി ഇരിക്കുന്നത്. കോട്ടയം സീറ്റ് കേരള കോണ്‍ഗ്രസ് നേതാവ് പി.സി തോമസ് വിഭാഗത്തിന്. ബാക്കി 14 സീറ്റുകളില്‍ ആവും ബി.ജെ.പി ജനവിധി തേടുക

7. അതിനിടെ, സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള കാവിപാളയത്തിലെ തര്‍ക്കം പുതിയ തലത്തിലേക്ക്. പത്തനംതിട്ടയില്‍ നിലപാട് കടുപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം. പത്തനംതിട്ട ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്ര നേതൃത്വത്തെയും അല്‍ഫോണ്‍സ് ഇക്കാര്യം അറിയിച്ചു. ബി.ജെ.പി നോതക്കള്‍ക്കിടയില്‍ ഏറെ പിടിവലി നടക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. കെ.സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും ശ്രീധരന്‍പിള്ളയും പത്തനംതിട്ടയ്ക്കായി ഒരു കരുനീക്കം നടത്തിയെങ്കിലും ഒടുവില്‍ സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് നറുക്ക് വീഴുക ആയിരുന്നു

8. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറ് വയസുകാരന്‍ മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. രോഗ ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. മുഹമ്മദ് ഷാന് വെസ്റ്റ് നൈല്‍ പനി ബാധിച്ചത് രണ്ടാഴ്ച മുന്‍പ്. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. വൈസ്റ്റ് നൈല്‍ രോഗബാധ സ്ഥിരീകരിച്ചത് ഇവിടെ വച്ച്.

9. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ച വ്യാധിയാണ് വെസ്റ്റ് നൈല്‍. ദേശാടന പക്ഷികളില്‍ നിന്ന് കൊതുക് വഴിയാണ് ഈ രോഗം മനുഷ്യനിലേക്ക് പകരുന്നത്. മലപ്പുറത്ത് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന പരിശോധനകളും സുരക്ഷാ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ്. ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി

10. 17-ാം ലോക്സഭയിലേക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികള്‍ക്കാണ് ഇന്ന് തുടക്കമായത്. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും 3 നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം ആണ് പുറപ്പെടുവിച്ചത്

11. ആന്ധ്രപ്രദേശ്, തെലുങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങി 20 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലാണ് അടുത്ത മാസം 11ന് ആദ്യ ഘട്ടത്തില്‍ ജനവിധി തേടുന്നത്. ആന്ധ്രാപ്രദേശ് , അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാന നിയമ സഭകളിലേക്കുള്ള വോട്ടെടുപ്പും ഏപ്രില്‍ പതിനൊന്നിന് നടക്കും. ഈ മാസം 26 വരെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് 23 നാണ് രാജ്യം കാത്തിരിക്കുന്ന വോട്ടെണ്ണല്‍.