priyanka-

ലക്‌നൗ : കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ "കാവൽക്കാരൻ കള്ളനാണ് (ചൗക്കീദാർ ചോർ ഹേ )" എന്ന ആരോപണത്തിനു മറുപടിയായി ബി.ജെ.പി ആരംഭിച്ച "ഞാനും കാവൽക്കാരനാണ് (മേം ഭീ ചൗക്കീദാർ)" കാമ്പെയ്നെ പരിഹസിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സമ്പന്നർക്കാണ് കാവൽക്കാരുള്ളതെന്നും കർഷകരുടേതല്ലെന്നും പ്രിയങ്ക പറഞ്ഞു. ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി ഗംഗാനദിയിലൂടെ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് പ്രിയങ്കുടെ പരാമർശം.

ഉത്തർപ്രദേശിൽ പ്രചാരണത്തിനിടെ ഒരുസംഘം ഉരുളക്കിഴങ്ങ് കർഷകരുമായി കൂടിക്കാഴ്ച നടത്തി. അതിൽ ഒരുകർഷകൻ 'കാവൽക്കാരുള്ളത് സമ്പന്നർക്കാണ്. ഞങ്ങൾ കർഷകർ ഞങ്ങളുടെ തന്നെ കാവൽക്കാരാണ്' എന്നു പറഞ്ഞതായി പ്രിയങ്ക ചൂണ്ടിക്കാട്ടി.

പ്രിയങ്കയുടെ ബോട്ട് യാത്രയോടെ ഉത്തർ പ്രദേശിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലാണ് പ്രിയങ്ക തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിച്ചത്. പ്രയാഗ്‌രാജിൽ നിന്ന് വാരണാസി വരെ മൂന്നുദിവസത്തെ ബോട്ട് യാത്രയാണ് പ്രിയങ്ക നടത്തുന്നത്.