കൊച്ചി : അന്നും ഇന്നും സി.പി.ഐയ്ക്ക് ഒരു ചിഹ്നമേയുള്ളു.അരിവാൾ നെൽക്കതിർ. 1964- ൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അരിവാളും നെൽക്കതിരും പിളർപ്പിനു ശേഷം സി.പി.ഐയ്ക്ക് ലഭിക്കുകയായിരുന്നു. പിന്നീട് സി.പി.എമ്മിന്റെചിഹ്നത്തിലും മാറ്റമുണ്ടായില്ല- അരിവാൾ ചുറ്റിക നക്ഷത്രം.
ബി.ജെ.പിയുടെ ആദ്യരൂപമായ ജനസംഘത്തിന്റെ ചിഹ്നം ദീപമായിരുന്നു. ബി.ജെ.പി രൂപീകരിച്ച ശേഷം സ്വീകരിച്ചതാണ് താമര. കോൺഗ്രസ് മൂന്നു തവണ ചിഹ്നം മാറ്റി. നെഹ്റുവിന്റെ കാലത്ത് നുകം വച്ച കാള. പിളർപ്പിനു ശേഷം ഇന്ദിരാഗാന്ധിക്ക് പശുവും കിടാവും ചിഹ്നവും, എതിർ വിഭാഗത്തിന് ചർക്ക തിരിക്കുന്ന സ്ത്രീയും. പശുവും കിടാവും ചിഹ്നത്തിനായി ഇരു വിഭാഗവും അവകാശം ഉന്നയിച്ചതോടെ തിരഞ്ഞെടുപ്പു കമ്മിഷൻ ചിഹ്നം മരവിപ്പിച്ചു. ഇന്ദിരാ വിഭാഗത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഇന്ദിര) എന്ന പേരും കെെപ്പത്തി ചിഹ്നവും കിട്ടി. ദേവരാജ് അരശിന്റെ കോൺഗ്രസ് (യു) വിന് ചർക്കയും.
കൂടുതൽ തവണ പിളർന്നതും ചിഹ്നങ്ങൾ മാറ്റിയതും സോഷ്യലിസ്റ്റ് പാർട്ടികളാണ്. സോഷ്യലിസ്റ്റ് പാർട്ടി 18 തവണ പിളർന്നാണ് ഇന്നത്തെ ജനതാദൾ പാർട്ടികളിൽ എത്തിയത്. കോൺഗ്രസിലെ സോഷ്യലിസ്റ്റ് ആശയക്കാരായ ജയപ്രകാശ് നാരായൺ, അച്യുത് പട്‌വർദ്ധൻ, റാംമനോഹർ ലോഹ്യ തുടങ്ങിയവരാണ് 1948- ൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിക്ക് (ഐ.എസ്.പി) രൂപം നൽകിയത്. ആദ്യ ചിഹ്നം ആൽമരം. ഐ,എസ്.പിയും കിസാൻ മസ്ദൂർ പ്രജാപക്ഷും ലയിച്ച് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയായി (പി.എസ്.പി). കുടിൽ ആയിരുന്നു പുതിയ ചിഹ്നം.
1955- ൽ പി.എസ്.പി വീണ്ടും പിളർന്നു. അടിയന്തരാവസ്ഥയ്ക്കു ശേഷം ഭാരതീയ ലോക്ദൾ, സോഷ്യലിസ്റ്റ് പാർട്ടി, സംഘടനാ കോൺഗ്രസ്, ജനസംഘം എന്നിവ ഒന്നായി പുതിയ ജനതാ പാർട്ടി രൂപീകരിച്ചു. ചിഹ്നം കലപ്പയേന്തിയ കർഷകൻ.
1979- ൽ ജോർജ് ഫെർണാണ്ടസും ചരൺസിംഗും ജനതാപാർട്ടി (എസ്) രൂപീകരിച്ചു. അവർ ചക്രം ചിഹ്നവുമായി തുടർന്നു. ജനസംഘക്കാർ ഭാരതീയ ജനതാ പാർട്ടിയുണ്ടാക്കി. ജോർജ് ഫെർണാണ്ടസ് ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ തിരിച്ചെത്തി. പിന്നീട് വി.പി സിംഗുമായി ചേർന്ന് ജനതാദൾ എന്ന പുതിയ കക്ഷിയുണ്ടാക്കി. ചിഹ്നം ചക്രം. ജനതാദൾ പിളർത്തി സമാജ്‌വാദി ജനതാദൾ രൂപീകരിച്ച് ചന്ദ്രശേഖർ പുറത്തുപോയപ്പോൾ ചിഹ്നം ചക്രത്തിനുള്ളിലെ കർഷകൻ