ലക്‌നൗ: ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ത്രിദിന ഗംഗാ യാത്ര ആരംഭിച്ചു. പ്രയാഗ്‌രാജിൽ നിന്നാരംഭിച്ച യാത്ര വാരണാസിയിൽ അവസാനിക്കും. ലക്‌നൗവിലെ പാർട്ടി ഓഫീസിൽ പ്രവർത്തകരെയും മദ്രസ, അംഗൻവാടി ജീവനക്കാരെയും സന്ദർശിച്ചതിനുശേഷമാണ് പ്രിയങ്കയുടെ ഗംഗാ യാത്രയ്ക്ക് തുടക്കമായത്. മോദിയുടെ ലങ്ക ദഹിപ്പിക്കൂ എന്ന മുദ്രാവാക്യത്തോടെയാണ് യാത്രയ്ക്ക് തുടക്കമായത്.
പ്രയാഗ്‌രാജ് മുതൽ വാരണാസി വരെയുള്ള യാത്രയിൽ 140 കിലോമീറ്റർ ബോട്ടിൽ യാത്ര ചെയ്യും. ഗംഗാ തീരത്തുള്ള ചെറുഗ്രാമങ്ങളിലെ ഒ.ബി.സി, ദളിത് വോട്ടുകൾ ലക്ഷ്യമിട്ടുകൊണ്ടുള്ള യാത്രയ്ക്കിടെ പ്രധാന ക്ഷേത്രങ്ങളിൽ നടത്തുന്ന സന്ദർശനങ്ങളിലൂടെയും പ്രിയങ്ക രാഷ്ട്രീയ സന്ദേശം നൽകും.
ഹോളിക്കു തലേ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയിൽ വമ്പൻ പരിപാടികളോടെ യാത്ര സമാപിക്കും.
പണക്കാരുടെ മാത്രം കാവൽക്കാരൻ
ലക്നൗ: ധനികർക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാവൽക്കാരനാകുന്നതെന്നും കർഷകർക്ക് കാവലില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 'മേം ഭീ ചൗക്കിദാർ" കാമ്പെയിനിനെ പരിഹസിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം.
"ഇന്നലെ ഞാൻ കുറച്ച് ഉരുളക്കിഴങ്ങ് കർഷകരെ കണ്ടു. പടിഞ്ഞാറൻ യു.പിയിൽ നിന്നുള്ള ഉരുളക്കിഴങ്ങ് കർഷകരെ. അതിൽ ഒരു കർഷകൻ എന്നോടു പറഞ്ഞു. കാവൽക്കാരുള്ളത് സമ്പന്നർക്കാണ്. ഞങ്ങളുടെ കാവൽക്കാർ ഞങ്ങൾ തന്നെയാണ് " - പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ "കാവൽക്കാരൻ കള്ളനാണ് (ചൗക്കിദാർ ചോർ ഹേ)" എന്ന ആരോപണത്തിനു മറുപടിയെന്നോണമാണ് ബി.ജെ.പി "ഞാനും കാവൽക്കാരനാണ് (മേം ഭീ ചൗക്കിദാർ)" കാമ്പെയിനിന് തുടക്കമിട്ടത്.