crpf-

ദണ്ഡേവാഡ: ഛത്തിസ്ഗഢിലെ ദണേവാഡയിൽ ഉണ്ടായ മാവോയിസ്റ്റുകളുമായുണ്ടായ ആക്രമണത്തിൽ ഒരു സി.ആർ.പി.എഫ് ജവാന് വീരമൃത്യു. അഞ്ച് ജവാൻമാർക്ക് പരിക്കേറ്റു. പൊലീസിനൊപ്പം സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന ജവാൻമാർക്ക് നേരെയാണ് ആക്രമണം നടന്നത്. മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഫോടനം നടത്തിയ ശേഷം ജവാൻമാർ‌ക്ക് നേരെ വെടിവയ്പ്പ് നടത്തുകയായിരുന്നു.

അരൺപൂരിലെ സി.ആർ.പി.എഫ് പോസ്റ്റിന് സമീപത്തുവച്ച് വൈകീട്ട് 4.30 ഓടെയായിരുന്നു ആക്രമണം. സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളാണ് വീരമൃത്യു വരിച്ചതെന്ന് അധികൃതർ വാർത്താ ഏജൻസിയോട് പറഞ്ഞു. വെടിവയ്പിനെതുടർന്ന് ജവാന്മാർ ശക്തമായി തിരിച്ചടിച്ചു. പരിക്കേറ്റ ജവാന്മാരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.