കോട്ടയം: കുമരകം ബോട്ട്ജെട്ടി പാലത്തിനു കീഴിലെ ചുവരെഴുത്തിന് 32 വയസു കഴിഞ്ഞു. വോട്ടു ചെയ്യണമെന്ന് ആഹ്വാനം ചെയ്ത സ്ഥാനാർത്ഥിയും മൺമറഞ്ഞു. വീണ്ടുമൊരു തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ചരിത്രത്തിനു സാക്ഷിയാവുകയാണ് ഈ ചുവരെഴുത്ത് .

തൃപ്പൂണിത്തുറയിലെ പരാജയത്തിനു ശേഷം സുരക്ഷിത മണ്ഡലം തേടി 1987-ലാണ് ടി.കെ. രാമകൃഷ്ണൻ കോട്ടയം മണ്ഡലത്തിലെത്തുന്നത്. യുവാവായ കെ.പി.സി.സി ജനറൽ സെക്രട്ടറി തിരുവഞ്ചൂർ രാധാകൃഷ്ണൻ എതിരാളി. പ്രചാരണം മുറുക്കുന്നതിനിടയിൽ സ്വതന്ത്ര സ്ഥാനാർത്ഥി ഈമ്പിലെ കുഞ്ഞ് മരിച്ചു. അതോടെ തിരഞ്ഞെടുപ്പ് മാറ്റി.

ആ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിൽ വന്നു. എം.എൽ.എ അല്ലാതിരുന്നിട്ടും ടി.കെ.രാമകൃഷ്ണനെ മന്ത്രിയാക്കി. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ടി.കെ.രാമകൃഷ്ണനെത്തിയത് മന്ത്രിയുടെ പരിവേഷവുമായാണ്. പൊരിഞ്ഞ മത്സരത്തിൽ പതിനായിരത്തിൽ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിന് മന്ത്രി രാമകൃഷ്ണൻ വിജയിച്ചു.

അതോടെ ടി.കെ.രാമകൃഷ്ണൻ കോട്ടയം സീറ്റ് ഉറപ്പിച്ചു. 1991-ലും 96-ലും കോട്ടയത്തു തന്നെ മത്സരിച്ചു ജയിച്ചു. തിരുവഞ്ചൂരാകട്ടെ കോട്ടയം വിട്ട് അടൂരെത്തി തന്റെ സുരക്ഷിത മണ്ഡലമാക്കി തുടർച്ചയായി ജയിച്ചു. ഇടയ്ക്ക് മന്ത്രിയുമായി. അടൂർ സംവരണ മണ്ഡലമായതോടെ തിരികെ കോട്ടയത്തെത്തി മത്സരിച്ച തിരുവഞ്ചൂർ അവിടെ സുരക്ഷിതമാക്കി. .

പാലത്തിനു താഴെ കുമ്മായമടിച്ച് അതിൽ നീലയും കറുപ്പും അക്ഷരങ്ങളിലായിരുന്നു 87-ൽ ടി.കെയ്‌ക്കു വേണ്ടിയുള്ള ചുവരെഴുത്ത്. ശ്രീകുമാരമംഗലം ക്ഷേത്രത്തിലെത്തുന്നവർക്ക് ഇപ്പോഴും ഇതു കാണാം. . പാലത്തിൽ നിന്ന് കയർ കെട്ടിയിറക്കി അതിൽ നിന്നായിരുന്നു ചുവരെഴുത്ത്. ആപ്പിത്തറയിലെ സി.പി.ഐ പ്രവർത്തകനായിരുന്ന സുഗുണനാണ് ചുവരെഴുതിയതെന്ന് പ്രാായമുള്ളവർക്ക് ഓർമ്മയുണ്ട്.