പനാജി: അന്തരിച്ച ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ പിൻഗാമിയായി പ്രമോദ് സാവന്തിനെ ബി.ജെ.പി തിരഞ്ഞെടുത്തു. പരീക്കർ മന്ത്രിസഭയിലെ സ്പീക്കറായിരുന്നു പ്രമോദ് സാവന്ത്. സത്യപ്രതിജ്ഞ ഇന്ന് രാത്രിയുണ്ടാകുമെന്നാണ് റിപ്പോർട്ട്. രണ്ട് ഘടകകക്ഷികൾക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാനും ധാരണയായതാണ് സൂചന.
ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദങ്ങൾ ഉന്നയിച്ച് ഗവർണറെ സന്ദർശിച്ചതോടെ ഇന്ന് തന്നെ സത്യപ്രതിഞ്ജയുണ്ടാകുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പരീകറുടെ മരണ വാർത്ത അറിഞ്ഞ ഉടൻ ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രാത്രി മുഴുവൻ സഖ്യകക്ഷികളുമായി ചർച്ചകൾ നടത്തിയിരുന്നു. വിശ്വജിത് റാണെയെയും പ്രമോദ് സാവന്തിനെയുമാണ് ബി.ജെ.പി എം.എൽ.എമാർ നിർദേശിച്ചത്.
പരീക്കറിന്റെ മരണത്തോടെ ഗോവയിൽ ബി.ജെ.പി സഖ്യം ഇല്ലാതായെന്നും കേവല ഭൂരിപക്ഷമുള്ള ഒറ്റകക്ഷി കോൺഗ്രസ് മാത്രമായതിനാൽ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവർണറെ കോൺഗ്രസ് സന്ദർശിച്ചു. ബി.ജെ.പി സഖ്യ സർക്കാറിലെ ഫ്രാൻസിസ് ഡിസൂസയുടെ മരണവും രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ രാജിയും മൂലം 40 അംഗങ്ങളായിരുന്ന ഗോവ നിയമ സഭ 37ലേക്ക് ചുരുങ്ങിയിരുന്നു. അതിൽ 14 എം.എൽ.എമാർ കോൺഗ്രസിനും 13 പേർ ബി.ജെ.പിക്കും ഒപ്പമാണുള്ളത്.
കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും ചെറുകക്ഷികളെ കൂട്ടുപിടിച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചിരുന്നത്. മനോഹർ പരീകർ എന്ന ജനകീയ നേതാവ് മുഖ്യമന്ത്രിയാവുമെങ്കിൽ പിന്തുണക്കാമെന്നായിരുന്നു പാർട്ടികളുടെ വാഗ്ദാനം. അതുപ്രകാരം കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന പരീകറെ രാജിവെപ്പിച്ച് മുഖ്യമന്ത്രി സ്ഥാനം നൽകിയായിരുന്നു ബി.ജെ.പി ഗോവയിൽ സർക്കാർ രൂപീകരിച്ചത്. അതിനിടെ കർണ്ണാടകയിലെ കലബുറഗീയിൽ പൊതുയോഗത്തിൽ രാഹുൽ ഗാന്ധിയും പാർട്ടി നേതാക്കളും രണ്ടു മിനിറ്റ് നിശ്ശബ്ദത പാലിച്ച് പരീക്കർക്ക് ആദരാഞ്ജലി അർപ്പിച്ചു.