anil-ambani-

ന്യൂഡൽഹി: മൂന്നുമാസത്തെ ജയിൽ ശിക്ഷ ഭയന്ന് റിലയൻസ് കമ്യൂണിക്കേഷൻ ലിമിറ്റഡ് (ആർകോം) ചെയർമാൻ അനിൽ അംബാനി സ്വീഡിഷ് കമ്പനി എറിക്സൺ ഇന്ത്യക്ക് നൽകേണ്ട 462 കോടി രൂപ അടച്ചു. ചൊവ്വാഴ്ചയ്ക്ക് മുൻപ് എറിക്സണ് നൽകാനുളള മുഴുവൻ തുകയും നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശമുണ്ടായിരുന്നു. പണം അടച്ചില്ലെങ്കിൽ മൂന്ന് മാസം തടവ് ശിക്ഷ അനുഭവിക്കാനായിരുന്നു നിർദ്ദേശം. ഇതേ തുടർന്ന് പണം അടയ്ക്കാൻ നിർബന്ധിതനാവുകയായിരുന്നു.

കോടതി ഉത്തരവനുസരിച്ച് നൽകേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നൽകാത്തതിന് എറിക്സൺ ഇന്ത്യയാണ് ഹർജി നൽകിയത്. റഫാൽ ഇടപാടിൽ നിക്ഷേപിക്കാൻ പണമുള്ള അനിൽ അംബാനി തങ്ങൾക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്സൺ കോടതിയെ അറിയിച്ചിരുന്നു. ജിയോയുമായുള്ള ആസ്തി വിൽപന കരാർ യാഥാർത്ഥ്യമാകാത്ത സാഹചര്യത്തിൽ അനിലിന്റെ കമ്പനി പാപ്പരായി പ്രഖ്യാപിക്കാനുള്ള നടപടിക്രമം ആരംഭിച്ചിരുന്നു.

അനിലിനും മറ്റു ഡയറക്ടർമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കുംവരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് എറിക്സന്റെ ആവശ്യം. അനിൽ അംബാനി ഗ്രൂപ്പ് തങ്ങൾക്ക് 500 കോടി രൂപ നൽകാനുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അനിലും കമ്പനിയുടെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരും വിദേശത്തേക്കു കടക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്. കോടതിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ ധാരണപ്രകാരം അനിൽ നൽകാനുള്ള 1600 കോടി 500 കോടിയാക്കി എറിക്സൺ കിഴിവു ചെയ്തിരുന്നു.