bjp-congress

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി ബി.ജെ.പി ക്യാമ്പിൽ നീക്കങ്ങൾ ശക്തം. കോൺഗ്രസിലെ അതിശക്തരായ നേതാക്കൾ ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ടോം വടക്കനും അറിയിച്ചു. കെ.പി.സി.സി നിർവാഹക സമിതിയിൽപ്പെട്ടവർ അടക്കം ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. പേര് കേട്ടാൽ അതിശയം തോന്നുന്ന പലരും ബി.ജെ.പിയിൽ ചേരാൻ സന്നദ്ധരായി എത്തിയിട്ടുണ്ടെന്ന് ശ്രീധരൻപിള്ളയെ കണ്ട ശേഷം ടോം വടക്കനും ഡൽഹിയിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ കോൺഗ്രസിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും. ടോം വടക്കന്റെ വരവ് ഒരു തുടക്കം മാത്രമാണെന്നും പിള്ള നേരത്തേ പറഞ്ഞിരുന്നു. ഇനി വരാനിരിക്കുന്ന ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്കെത്തും. പ്രമുഖരായ നേതാക്കളാണ് വരുന്നത്. ഇവരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താനാവില്ല. മറ്റ് പാർട്ടികളിൽ നിന്ന് വരുന്ന നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്നാണ് ദേശീയ നേതൃത്വം നിർദ്ദേശിച്ചിരിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാന ഘടകം തയ്യാറാക്കിയ സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയിട്ടുണ്ടെന്നും ശ്രീധരൻപിള്ള പറഞ്ഞു. ഇതിനിടെ കെ.സുരേന്ദ്രനും അൽഫോൺസ് കണ്ണന്താനത്തിനും പത്തനംതിട്ട സീറ്റ് നൽകില്ലെന്നാണ് സൂചന. ടോം വടക്കനെ ചാലക്കുടിയിലും തുഷാർ വെള്ളാപ്പള്ളിയെ തൃശൂരും മത്സരിപ്പിക്കാനും ബി.ജെ.പി ശ്രമിക്കുന്നുണ്ട്. പത്തനംതിട്ടയോ തൃശൂരോ കിട്ടിയില്ലെങ്കിൽ മത്സരരംഗത്തേ ഉണ്ടാകില്ലെന്നാണ് കെ സുരേന്ദ്രന്റെ നിലപാട്.