പനാജി: ഗോവ നിയമസഭാ സ്പീക്കറും ബി.ജെ.പി നേതാവുമായ പ്രമോദ് സാവന്ത് സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന് വാശിപിടിച്ചു നിന്ന രണ്ട് ഘടകകക്ഷികൾക്കും ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയാണ് മനോഹർ പരീക്കറിന്റെ സംസ്കാരത്തിന് തൊട്ടു പിന്നാലെ ബി.ജെ.പി സംസ്ഥാനത്ത് ഭരണം നിലനിറുത്തിയത്. ഗോവയിൽ സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസിന്റെ കൊണ്ടുപിടിച്ച ശ്രമങ്ങൾക്കാണ് ഇതോടെ തിരശീല വീണത്.
മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) പ്രതിനിധി സുധിൻ ധവാലികർ, ഗോവ ഫോർവേഡ് പാർട്ടി (ജി.എഫ്.പി) അംഗം വിജയ് സർദേശായി എന്നിവരാണ് ഉപമുഖ്യമന്ത്രിമാരാവുക.
ഞായറാഴ്ച മുഖ്യമന്ത്രി മനോഹർ പരീക്കർ നിര്യാതനായതിന് തൊട്ടുപിന്നാലെ അടുത്ത മുഖ്യമന്ത്രിക്കായി ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകളാണ് ഗോവയിൽ നടന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ ദിഗംബർ കാമത്തിനെ അടർത്തിയെടുത്ത് മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഞായറാഴ്ച വൈകിട്ട് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി എം.ജി.പിയുമായും ജി.എഫ്.പിയുമായും ഇന്നലെ വെളുക്കുവോളം ചർച്ച നടത്തിയിട്ടും തീരുമാനത്തിലെത്താനായില്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി ഇരു കക്ഷികളും വാശിപിടിച്ചു. പ്രമോദ് സാവന്തിനെ അംഗീകരിക്കാനും തയ്യാറായില്ല.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെ ഇടപെടലാണ് ഒടുവിൽ ഫലം കണ്ടത്. ഇന്നലെ വൈകിട്ട് പരീക്കറിന്റെ സംസ്കാരച്ചടങ്ങിനു ശേഷം അമിത് ഷായുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ എന്ന ഫോർമുല ക്ളിക്കാവുകയായിരുന്നു. 40 അംഗ സഭയിൽ ബി.ജെ.പിക്ക് പന്ത്രണ്ടും എം.ജി.പിക്കും ജി.എഫ്.പിക്കും മൂന്ന് അംഗങ്ങൾ വീതവുമാണുള്ളത്. മൂന്ന് സ്വതന്ത്രൻമാരും സർക്കാരിനെ പിന്തണയ്ക്കുന്നു.
ഇന്നലെ വൈകിട്ട് ഏഴു മണിയോടെ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ വിനയ് തെൻഡുൽക്കറാണ് പ്രമോദ് സാവന്തിന്റെ പേര് പ്രഖ്യാപിച്ചത്.
ബി.ജെ.പിക്ക് സഭയിൽ ഭൂരിപക്ഷം നഷ്ടമായെന്നും സർക്കാരുണ്ടാക്കാൻ തങ്ങളെ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് നിയമസഭാംഗങ്ങൾ ഗവർണർ മൃദുല സിൻഹയ്ക്ക് കഴിഞ്ഞ ദിവസം കത്തു നൽകിയിരുന്നു. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കാതായതോടെ രാജ്ഭവനിൽ നേടിട്ടെത്തി കാണുകയും ചെയ്തു. 14 എം.എൽ.എമാരുള്ള കോൺഗ്രസാണ് ഏറ്റവും വലിയ ഒറ്രക്കക്ഷി.
ഞാണിൽ തൂങ്ങി ബി.ജെ.പി
2017ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് പിന്നിലായിട്ടും സഖ്യ കക്ഷികൾക്കൊപ്പം സ്വതന്ത്രരെയും ചാക്കിലാക്കി കഷ്ടിച്ച് ഭൂരിപക്ഷം തികച്ചാണ് ബി.ജെ.പി സർക്കാർ രൂപീകരിച്ചത്. ബി.ജെ.പി എം.എൽ.എ ഫ്രാൻസിസ് ഡിസൂസയുടെ മരണം, രണ്ട് കോൺഗ്രസ് എം.എൽ.എമാരുടെ രാജി, പരീക്കറുടെ നിര്യാണം എന്നീ കാരണങ്ങളാൽ നിയമസഭയിൽ നാല് സീറ്റുകൾ നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ്. ഇതിൽ മൂന്ന് സീറ്രുകളിലേക്ക് അടുത്തമാസം 23ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
ആകെ സീറ്റ്: 40
ബി.ജെ.പി: 12
എം.ജി.പി: 3
ജി.എഫ്.പി: 3
സ്വതന്ത്രർ: 3
കോൺഗ്രസ്: 14
എൻ.സി.പി: 1
ഒഴിഞ്ഞു കിടക്കുന്നത്: 4