കോഴിക്കോട്: വടകരയിൽ യു.ഡി.എഫിനെ നിരുപാധികം പിന്തുണയ്ക്കാനുള്ള ആർ.എം.പി തീരുമാനത്തെ തുടർന്ന് പാർട്ടിക്കുള്ളിൽ അസ്വാരസ്യം തലപൊക്കി. സി.പി.എമ്മിന് വലതുപക്ഷ വ്യതിയാനമുണ്ടാകുന്നെന്ന് ആരോപിച്ച് ടി.പി. ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ രൂപീകരിച്ച പാർട്ടി അതെല്ലാം കാറ്റിൽ പറത്തി വലത്തോട്ടു ചായ്ഞ്ഞതിൽ പ്രവർത്തകരിൽ ഒരു വിഭാഗം കടുത്ത പ്രതിഷേധത്തിലാണ്. വോട്ട് ചെയ്യാതെ മാറി നിൽക്കാനാണ് ഇവർ തയ്യാറെടുക്കുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജൻ ആയതുകൊണ്ട് മാത്രമാണ് ഇത്തരത്തിൽ നിലപാട് സ്വീകരിക്കേണ്ടി വന്നതെന്ന് നേതൃത്വം വിശദീകരിക്കുമ്പോഴും ഈ വാദം ഉൾക്കൊള്ളാൻ ആർ.എം.പിയുടെ രൂപീകരണ ഘട്ടം മുതൽ ഒപ്പം നിൽക്കുന്ന വലിയ വിഭാഗത്തിന് സാധിക്കുന്നില്ല. കെ.കെ. രമ മത്സരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഭൂരിപക്ഷം അനുഭാവികളും. അതേസമയം, ആർ.എം.പിയുടെ നിലപാടിലെ പൊള്ളത്തരം വ്യക്തമായെന്ന പ്രചാരണം സി.പി.എം ശക്തമാക്കി.
പാർട്ടി രൂപീകരിച്ചതിന് ശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും ആർ.എം.പി മത്സരിച്ചിരുന്നു. സ്ഥാപകനേതാവ് ടി.പി. ചന്ദ്രശേഖരൻ തന്നെയായിരുന്നു 2009ലെ സ്ഥാനാർത്ഥി. 2014 ൽ പി. കുമാരൻകുട്ടി സ്ഥാനാർത്ഥിയായി.
ടി.പി എക്കാലത്തും കോൺഗ്രസിനും ബി.ജെ.പിക്കും എതിരായ നിലപാടാണ് സ്വീകരിച്ചിരുന്നതെന്നും വലിയ ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം നിലപാടിൽ മാറ്റം വരുത്തിയില്ലെന്നും ആർ.എം.പി പ്രവർത്തകർ വ്യക്തമാക്കുന്നു. ടി.പിയുടെ രക്തസാക്ഷിത്വത്തെ പോലും മാനിക്കാത്ത തീരുമാനമാണ് നേതൃത്വം ഇപ്പോൾ സ്വീകരിച്ചതെന്നാണ് അനുഭാവികളുടെ വിമർശനം.
കരുത്ത് കാണിക്കാനാകാതെ
2009ൽ വടകരയിൽ മത്സരിച്ച ടി.പി. ചന്ദ്രശേഖരൻ 21,833 വോട്ടായിരുന്നു നേടിയിരുന്നത്. എന്നാൽ ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം നടന്ന 2014ലെ തിരഞ്ഞെടുപ്പിൽ പി. കുമാരൻകുട്ടിക്ക് നേടാനായത് 17,229 വോട്ടുകൾ മാത്രമാണ്. അതേസമയം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വടകര നിയോജക മണ്ഡലത്തിൽ കെ.കെ. രമ 20504 വോട്ട് നേടിയിരുന്നു.
ജയരാജനെ വീഴ്ത്താനെന്ന്
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിൽ പാർട്ടി ഏറ്റവുമധികം ആരോപണം ഉന്നയിച്ചത് പി. ജയരാജനെതിരെ ആയിരുന്നു. ഈ സാഹചര്യത്തിൽ ജയരാജൻ വടകരയിൽ ജയിക്കാൻ പാടില്ലെന്ന നിലപാടെടുത്തെന്നാണ് ആർ.എം.പി നേതൃത്വത്തിന്റെ ന്യായീകരണം.