pinarayi-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ കേരളത്തിൽ ബി.ജെ.പി ആദ്യസീറ്റ് നേടുമെന്ന് ടൈംസ് നൗ വി.എം.ആർ പോൾ ട്രാക്കർ. ശബരിമല വിധിയും സമരങ്ങളും യു.ഡി.എഫിനായിരിക്കും നേട്ടമാകുകയെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുൻപും ശേഷവും വോട്ടർമാരുടെ ഇടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോൾ ട്രാക്കർ തയ്യാറാക്കിയത്.

യു.ഡി.എഫ് 16 സീറ്റുകളുമായി മികച്ച വിജയം നേടും. എൽ.ഡി.എഫിന് 3 സീറ്റിൽ ഒതുങ്ങും. ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ലോക്‌സഭയിൽ കേരളത്തിൽ നിന്ന് അക്കൗണ്ട് തുറക്കും, ഒരു സീറ്റ് നേടുമെന്നാണ് പോൾ ട്രാക്കർ പ്രവചിക്കുന്നത്. എൽ.ഡി.എഫിന്റെ വോട്ട് വിഹിതം വലിയ തോതിൽ ഇടിയുമെന്നും പോൾ ട്രാക്കർ പ്രവചിക്കുന്നു. ശബരിമല പ്രക്ഷോഭം ശക്തമായ എൽ.ഡി.എഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ട്. എൽ,​ഡി,​എഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നാണ് ടൈംസ് നൗ വിലയിരുത്തൽ.

ജനുവരിയിൽ ടൈംസ് നൗ തന്നെ പുറത്തു വിട്ട പോൾ സർവേയുടെ പിന്നാലെ ഉണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ പോൾ ട്രാക്കർ. മാർച്ചിൽ നടത്തിയ ഈ പോൾ ട്രാക്കറിൽ രാജ്യമെമ്പാടും 16,931 പേർ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.