thushar
Thushar

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി. സ്ഥാനാർത്ഥിത്വം ഇന്ന് ഡൽഹിയിൽ പ്രഖ്യാപിക്കും.

മത്സരിക്കാതെ ഒഴിഞ്ഞു നിന്ന തുഷാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുടെയും നിരന്തര സമ്മർദ്ദത്തെ തുടർന്ന് ഒടുവിൽ സന്നദ്ധനാവുകയായിരുന്നു. ഇതോടെ തൃശൂർ സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധിക്കുന്ന മണ്ഡലങ്ങളിലൊന്നായി മാറുകയാണ്. രാജാജി മാത്യു തോമസാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപനും. തുഷാറും എത്തുന്നതോടെ തീപാറുന്ന പോരാട്ടം ഉറപ്പായി. ബി.ഡി.ജെ.എസിന് ശക്തമായ അടിത്തറ മണ്ഡലത്തിലുണ്ട്.

തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. മറ്റ് മണ്ഡലങ്ങളും സ്ഥാനാർത്ഥികളും: മാവേലിക്കര: തഴവ സഹദേവൻ, ഇടുക്കി: ബിജുകൃഷ്ണൻ,

ആലത്തൂർ: ടി.വി. ബാബു, വയനാട്: ആന്റോ അഗസ്റ്റിൻ.

മത്സരിക്കുന്നതിനെപ്പറ്റി അറിയില്ല: വെള്ളാപ്പള്ളി

തുഷാർ മത്സരിക്കുന്നതിനെപ്പറ്റി ടിവിയിൽ കണ്ട അറിവേയുള്ളൂവെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടിയിലും ഉള്ളവരുണ്ട്. യോഗത്തിന്റെ ഒൗദ്യോഗിക സ്ഥാനത്തിരിക്കുന്നവർ മത്സരിക്കാൻ പാടില്ല. യോഗത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് കെ.കെ. രാഹുലനും കെ. ഗോപിനാഥനും മത്സരിച്ച് ദയനീയമായി തോറ്റ ചരിത്രം മുന്നിലുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.