kdr

കൊടുങ്ങല്ലൂർ: ന്യൂസിലൻഡിൽ മുസ്‌ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആൻസി ബാവയുടെ കൊടുങ്ങല്ലൂരിലെ വീട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സന്ദർശിച്ചു. അൻസിയുടെ ഉമ്മയെയും സഹോദരനെയും കണ്ട് കാര്യങ്ങൾ ചോദിച്ചറിച്ച് ആശ്വസിപ്പിച്ചു. ഇന്നലെ വൈകീട്ട് ആറോടെയാണ് കോടിയേരി ഗൗരീശങ്കർ ആശുപത്രിക്ക് സമീപത്തെ ആൻസിയുടെ വീട്ടിലെത്തിയത്.

വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, സംസ്ഥാന കമ്മിറ്റി അംഗം കെ. ചന്ദ്രൻ പിള്ള, ഏരിയാ സെക്രട്ടറിമാരായ പി.കെ. ചന്ദ്രശേഖരൻ, പി.എം. അഹമ്മദ്, നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ, മുതിർന്ന നേതാവ് അമ്പാടി വേണു എന്നിവരും ഒപ്പമുണ്ടായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിച്ചതായി കോടിയേരി അൻസിയുടെ ഉമ്മയെ അറിയിച്ചു.

നടപടിക്രമം പൂർത്തീകരിച്ച്‌ മൃതദേഹം കൈമാറുന്ന മുറയ്ക്ക് എത്രയും വേഗം ഇവിടെ എത്തിക്കാൻ നോർക്കയും നടപടി എടുത്തു കൊണ്ടിരിക്കുന്നുണ്ട്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് സർക്കാർ ശ്രദ്ധിക്കുമെന്നും ആൻസിക്ക് വിദേശത്ത് പഠിക്കുന്നതിനുള്ള വായ്പാ കുടിശ്ശികയുടെ കാര്യത്തിലും ആവശ്യമായ സഹായം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതിന് ശ്രമിക്കുമെന്നും കോടിയേരി പറഞ്ഞു.

സഹായം ആവശ്യപ്പെട്ട് അൻസിയുടെ ഉമ്മ നൽകിയ നിവേദനത്തിന് ശേഷമാണ് ഇക്കാര്യം പറഞ്ഞത്. കോടിയേരി ഇവിടെ എത്തിയതറിഞ്ഞ് നിരവധി ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും നാട്ടുകാരും എത്തിയിരുന്നു.