കൊല്ലം: ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അർദ്ധരാത്രിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ട് അശ്ളീല വീഡിയോ ഷെയർ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. ബി.ജെ.പി നേതൃത്വത്തിൽ ആശുപത്രിയിൽ ഉപരോധ സമരം സംഘടിപ്പിച്ചു.

14ന് രാത്രി 11.30 ഓടെയാണ് സൂപ്രണ്ട് ഡോ.ബിജു നെൽസന്റെ മൊബൈൽ ഫോണിൽ നിന്ന് വീഡിയോ എത്തിയത്. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ 150 ഓളം ജീവനക്കാരാണുള്ളത്. പല വീടുകളിലും ജീവനക്കാരുടെ മക്കളാണ് അശ്ളീല വീഡിയോ ആദ്യം കണ്ടത്. ഇത് വീടുകളിൽ പ്രശ്നങ്ങൾക്കും ഇടയാക്കി. 15ന് രാവിലെ തന്നെ ആശുപത്രിയിൽ വിഷയം സജീവ ചർച്ചയാവുകയും ജീവനക്കാർ സൂപ്രണ്ടിനെതിരെ പ്രതിഷേധിക്കുകയും ചെയ്തു. ജീവനക്കാരിൽ ഇടത് സംഘടനാ പ്രവർത്തകർ പാർട്ടി നേതൃത്വത്തോട് പരാതി പറഞ്ഞതിനെത്തുടർന്ന് ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റി ഭാരവാഹികൾ വിഷയം ചൂണ്ടിക്കാട്ടി സൂപ്രണ്ടിനെതിരെ നടപടി ആവശ്യപ്പെട്ട് റൂറൽ എസ്.പിക്ക് പരാതി നൽകി. ജീവനക്കാരിൽ ഒരു വിഭാഗം പി.ഐഷാപോറ്റി എം.എൽ.എയ്ക്കും ആരോഗ്യ വകുപ്പ് മന്ത്രിക്കും പരാതിയും നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ഇന്നലെ രാവിലെ ബി.ജെ.പിയുടെ പ്രതിഷേധം. ഉപരോധസമരം നിയോജക മണ്ഡലം പ്രസിഡന്റ് കരീപ്ര വിജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് ലേ സെക്രട്ടറിയുമായി പ്രതിഷേധക്കാർ പൊലീസ് സാന്നിദ്ധ്യത്തിൽ സംസാരിച്ചതിൽ ഡി.എം.ഒ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നടപടിയ്ക്ക് ആവശ്യമാകുന്ന തരത്തിൽ റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അറിയിച്ചു. അശ്ളീല വീഡിയോ ഗ്രൂപ്പിലിട്ട സംഭവം ഗുരുതരമായ സൈബർ കുറ്റമായാണ് കണക്കാക്കുന്നത്. റൂറൽ എസ്.പിക്ക് ലഭിച്ച പരാതിയിൽ തുടർ നടപടിയുണ്ടാകും.