കൊല്ലം: തെന്മലയിലും കൊട്ടിയത്തുമായി സൂര്യാഘാതത്തിൽ 3 പേർക്ക് പൊള്ളലേറ്റു. തെന്മല കടമ്പുമൂട്ടിൽ വീട്ടിൽ ഷാഹുൽ ഹമീദ് (48), മകനും ആര്യങ്കാവ് നെടുമ്പാറ ടി.സി.എൻ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ സെയ്ദാലി(16), കൊട്ടിയം ആദിച്ചനല്ലൂർ പ്ലാക്കാട് മുണ്ടയ്ക്കൽ വീട്ടിൽ ഗോപകുമാർ (45) എന്നിവർക്കാണ് ഇന്നലെ ഉച്ചയോടെ പൊള്ളലേറ്റത്. സെയ്ദാലിയുടെ വലത് കവിളിൽ മാരകമായാണ് പൊള്ളലേറ്റത്. സ്കൂളിൽ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ സെയ്ദാലിയുടെ കവിളിൽ ചൊറിച്ചിലുണ്ടായി. തുടർന്ന് പുകച്ചിൽ അനുഭവപ്പെടുകയും കവിളിൽ കുമിളപോലെ പൊങ്ങുകയും ചെയ്തു. വീട്ടിലെത്തിയപ്പോഴാണ് പിതാവ് ഷാഹുൽ ഹമീദിന്റെ കഴുത്തിന് താഴെയും സൂര്യാഘാതമേറ്റ വിവരം അറിയുന്നത്. തുടർന്ന് രണ്ട് പേരും തെന്മല കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സതേടി.
കൊട്ടിയം കുമ്മല്ലൂരിലെ ഒരു വീട്ടിൽ പെയിന്റിംഗ് ചെയ്യുന്നതിനിടെയാണ് ഗോപകുമാറിന് ഉച്ചയോടെ സൂര്യാഘാതമേറ്റത്. വീടിന്റെ മൂന്നാം നിലയിൽ നിൽക്കവേ നെറ്റിയിൽ സൂര്യാഘാതമേൽക്കുകയും കുമിള പോലെ പൊള്ളൽ പ്രത്യക്ഷപ്പെടുകയുമായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യങ്കാവ് സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥിക്കും കുളത്തൂപ്പുഴ, ഇടമൺ സ്വദേശികൾക്കും നേരത്തേ സൂര്യാഘാതമേറ്റിരുന്നു. പുനലൂരിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി 38 ഡിഗ്രി ചൂടാണ് അനുഭവപ്പെടുന്നത്.