lanba

കൊച്ചി: സമുദ്രമേഖലയിലെ രാജ്യത്തിന്റെ ദേശീയതാല്പര്യങ്ങൾ സംരക്ഷിക്കാനും പരിപാലിക്കാനും കാത്തുസൂക്ഷിക്കാനും നാവികസേന സജ്ജമാണെന്ന് സേനാമേധാവി അഡ്മിറൽ സുനിൽ ലാംബ പറഞ്ഞു. തീരസുരക്ഷയും കടൽസുരക്ഷയും ഉറപ്പാക്കാൻ സൂക്ഷ്‌മമായ നിരീക്ഷണവും ജാഗ്രതയും നടപടികളും സ്വീകരിക്കാൻ ബന്ധപ്പെട്ട ഏജൻസികൾ സമഗ്രമായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചി നാവികത്താവളത്തിൽ മൂന്നു നാവികത്താവളങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ പങ്കെടുത്ത സുരക്ഷാ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗത്യങ്ങൾ നിർവഹിക്കാൻ സേനകളുടെ ശേഷിയും സജ്ജീകരണങ്ങളും വിലയിരുത്തുന്ന വാർഷിക യോഗമാണിത്. ഏത് അടിയന്തര ഘട്ടത്തെയും നേരിടാൻ നാവികസേന സജ്ജമോയെന്ന് വിലയിരുത്തുകയും പരിശോധിക്കുകയുമാണ് യോഗത്തിന്റെ ലക്ഷ്യം. കഴിഞ്ഞമാസം പുറംകടലിൽ നാവികസേന നടത്തിയ ട്രോപ്പെക്സ് 2019 എന്ന അഭ്യാസപ്രകടനങ്ങളും വിലയിരുത്തി. നാവികസേനയുടെ 60 കപ്പലുകൾ, കോസ്റ്റ് ഗാർഡിന്റെ 12 കപ്പലുകൾ, വ്യോമസേനയുടെ 60 വിമാനങ്ങൾ എന്നിവ ട്രോപ്പെക്സിൽ പങ്കെടുത്തിരുന്നു. പുൽവാമ അക്രണത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക വിലയിരുത്തലും നടന്നു. കരസേന, വ്യോമസേന, കോസ്റ്റ് ഗാർഡ് എന്നിവയുടെ ഉന്നതരും പങ്കെടുത്തതായി നാവിക വക്താവ് അറിയിച്ചു.