kunnamangalam-news

കുന്ദമംഗലം: ചാത്തമംഗലം ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തെ പൊലീസ് വാഹന യാർഡിന് തീപിടിച്ച് നൂറോളം പഴയ വാഹനങ്ങൾ അഗ്നിക്കിരയായി.കേസുകളിലും മറ്റും അകപ്പെട്ട് പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. അനേകം ബൈക്കുകളും കാറുകളും ഓട്ടോറിക്ഷകളും പൂർണ്ണമായും കത്തിയമര്‍ന്നു. കണക്കെടുത്ത് കഴിഞ്ഞാലേ നാശനഷ്ടം എത്രയെന്ന് തിട്ടപ്പെടുത്താനാവൂ. ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് തീ പടർന്നത്. ചുട്ടുപൊള്ളുന്ന വെയിലിനിടയിൽ തീയുടെ ചൂടും കൂടിയായപ്പോൾ പരിസരവാസികൾ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രമിച്ചു.

നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വെള്ളിമാട്കുന്ന് ഫയർ സ്റ്റേഷനിൽ നിന്ന് മൂന്നു യൂണിറ്റും മുക്കം ഫയർസ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റും കുതിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വാഹനങ്ങളില്‍ നിന്ന് പെട്രോൾ പുറത്തേക്കൊഴുകി തീ പടര്‍ന്നത് പരിസരവാസികളെ ഭീതിയിലാഴ്ത്തി. നൂറോളം കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്തിന് സമീപം അപകട ഭീഷണിയുയര്‍ത്തി കൂട്ടിയിട്ട വാഹനങ്ങൾ എടുത്തുമാറ്റാൻ നാട്ടുകാർ നേരത്തെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

വെള്ളിമാട്കുന്ന് ഫയര്‍ സ്റ്റേഷനിലെ കെ.പി ബാബുരാജ്‌, അബ്ദുൽ ഫൈസി, മുക്കം ഫയർ സ്റ്റേഷനിലെകെ.പി ജയപ്രകാശ്, എൻ. വിജയൻ എന്നിവരടങ്ങിയ സംഘമാണ് തീ നിയന്ത്ര വിധേയമാക്കിയത്. കുന്ദമംഗലം പോലീസും സ്ഥലത്തെത്തിയിരുന്നു.