k-su

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ.സുരേന്ദ്രനെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അണികളുടെ രോഷപ്രകടനം. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഫേസ്ബുക്ക് പേജിലാണ് പ്രവർത്തകർ പരാതിയുമായി രംഗത്തെത്തിയത്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ടുള്ള പോസ്റ്റിനു താഴെ വരെ കമന്റായി പരാതികൾ നിറയുകയാണ്. ഈ സമയത്തു പറയുന്നത് ശരിയാണോ എന്നറിയില്ല, കെ സുരേന്ദ്രന് പത്തനംതിട്ട സീറ്റ് കൊടുക്കണം, പത്തനംതിട്ടയിലെ ഏറ്റവും അനുയോജ്യനായ ബി.ജെ.പി സ്ഥാനാർത്ഥി സുരേന്ദ്രനാണ്,​ എന്നിങ്ങനെയാണ് പ്രവർത്തകർ കുറിക്കുന്നത്. ഇങ്ങനെ പോകുന്നു പരാതികൾ.

പത്തനംതിട്ടയോ, തൃശൂരോ അല്ലെങ്കിൽ മൽസരിക്കാനില്ലെന്ന ഉറച്ച നിലപാടിലാണ് കെ.സുരേന്ദ്രൻ. എന്നാൽ പത്തനംതിട്ട സീറ്റിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയുടെ പേരാണ് പരിഗണിക്കുന്നത്. അൽഫോൺസ് കണ്ണന്താനവും പത്തനംതിട്ടയ്ക്കായി രംഗത്തുണ്ട്. കെ.സുരേന്ദ്രനും കണ്ണന്താനത്തിനും പത്തനംതിട്ട നല്‍കാനിടയില്ലെന്നാണ് സൂചന. കെ.സുരേന്ദ്രന്‍ ആറ്റിങ്ങലും കണ്ണന്താനത്തിന് കൊല്ലവുമാണ് പരിഗണനയിലുള്ളത്. എൻ.ഡി.എ പട്ടിക നാളെ പുറത്തു വിടും. പുതുക്കിയ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിന് കൈമാറി.