nirav-modi

ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസ് പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോദിക്കെതിരെ ലണ്ടൻ കോടതി അറസ്റ്രുവാറണ്ട് പുറപ്പെടുവിച്ചു. ലണ്ടനിൽ ഒളിവിൽ കഴിയവെയാണ് നീരവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടേതാണ് വാറണ്ട്. ഉടൻ തന്നെ നീരവിനെ അറസ്റ്റ് ചെയ്തു വിചാരണയ്ക്ക് വിധേയനാക്കും. 25ന് നീരവിനെ കോടതിയിൽ ഹാജരാക്കാനാണ് ഉത്തരവ്. നീരവ് മോദിയെ ഉറൻ അറസ്റ്രുചെയ്യണമെന്നും ഇന്ത്യയ്ക്ക് കൈമാറണമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് നടപടി. കോടതി ഉത്തരവിടുകയാണെങ്കിൽ നീരവ് മോദിയെ യുകെ ഇന്ത്യയ്‌ക്കു കൈമാറിയേക്കും. വെസ്റ്റ്മിൻസ്റ്റർ കോടതിയിൽ നീരവിനെതിരെ നിലവിലുള്ള കേസിൽ വിചാരണ പൂർത്തിയായാൽ കൈമാറ്റം സംബന്ധിച്ച് കോടതി തീരുമാനമെടുക്കും.

തട്ടിപ്പിനൊടുവിൽ നീണ്ട മുങ്ങൽ

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയിൽ നിന്ന് മുങ്ങിയത്. നീരവ് മോദിയും ബന്ധുക്കളും ചേർന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്.

ബാങ്ക് തട്ടിപ്പുകേസിൽ സി.ബി.ഐയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്‌.ഐ.ആറുകളാണ് നീരവ് മോദിക്കും അമ്മാവൻ മെഹുൽ ചോക്‌സിക്കും എതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെ പരാതി സി.ബി.ഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുൽ ചോക്‌സിയും രാജ്യംവിട്ടിരുന്നു.

ലണ്ടനിൽ വിലസുന്നുവെന്ന് കണ്ടെത്തൽ

മാർച്ച് പത്തിനാണ് നീരവ് മോദി ലണ്ടനിലുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ബ്രിട്ടീഷ് മാദ്ധ്യമമായ ടെലഗ്രാഫ് പുറത്തുവിട്ടത്. ലണ്ടനിൽ 72 കോടി രൂപയുടെ പുതിയ ആഡംബര വില്ല പണിയുകയാണ് നീരവെന്നും മാസം 10 ലക്ഷം രൂപ വാടകയുള്ള ഫ്ലാറ്റിലാണ് താമസം എന്നുമടക്കമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. പിന്നാലെ നീരവിനെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ ശക്തമാക്കിയിരുന്നു. നീരവ് മോദിയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാൻ എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്നും ഇന്ത്യയുടെ അപേക്ഷ ബ്രിട്ടീഷ് സർക്കാർ പരിഗണിക്കുകയാണെന്നും വിദേശകാര്യവക്താവ് രവീഷ്‌കുമാർ വ്യക്തമാക്കിയിരുന്നു.