anil
അനിൽ അംബാനി

മുംബയ്: ജയിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് 462 കോടി രൂപ കുടിശിക നൽകി അനിൽ അംബാനി. എറിക്‌സൺ കമ്പനിക്കുള്ള കുടിശ്ശിക കൊടുത്തു തീർക്കാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് സുപ്രീം കോടതി നൽകിയ സമയപരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണിത്. കുടിശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് ഫെബ്രുവരി 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നൽകാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാദ്ധ്യത.