തിരുവനന്തപുരം: സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി കോഴ്‌സുകൾക്കും ഹൈദരാബാദ് ഐ.ഐ.ഐ.ടി പ്രവേശനത്തിനുമുള്ള പ്രവേശന പരീക്ഷ ഒരേദിവസം നിശ്ചയിച്ചത് വിദ്യാർത്ഥികളുടെ അവസരം നഷ്ടമാക്കും.
ഏപ്രിൽ 27, 28 തീയതികളിലാണ് സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ(കീം) നിശ്ചയിച്ചിട്ടുള്ളത്. നേരത്തേ 22, 23 തീയതികളിൽ തീരുമാനിച്ചിരുന്ന പരീക്ഷ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാറ്റുകയായിരുന്നു. 1,42,921 വിദ്യാർത്ഥികളാണ് ഇത്തവണ സംസ്ഥാനത്ത് പ്രൊഫഷണൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ളത്. 28 നാണ് ഹൈദരാബാദ് ഐ.ഐ.ഐ.ടിയിലെ ബി.ടെക് ആൻഡ് എം.എസ് കോഴ്‌സിലെ പ്രവേശനത്തിനുള്ള അണ്ടർ ഗ്രാഡ്വേറ്റ് എൻജിനിയറിംഗ് എക്‌സാം (യു.ജി.ഇ.ഇ) നടക്കുന്നത്. ഓൺലൈനായാണ് പരീക്ഷ. സംസ്ഥാനത്തുനിന്ന് ഒട്ടേറെ വിദ്യാർത്ഥികൾ യു.ജി.ഇ.ഇ.ക്ക് അപേക്ഷിച്ചിട്ടുണ്ട്. സംസ്ഥാന പ്രവേശന പരീക്ഷ മാറ്റിയില്ലെങ്കിൽ പല വിദ്യാർത്ഥികൾക്കും അവസരം നഷ്ടമാകും. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ സൗകര്യപ്രദമായ തീയതി എന്ന നിലയിലാണ് എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ 27, 28 തീയതികളിൽ നിശ്ചയിച്ചത്. പരീക്ഷ മാറ്റുന്നത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം ലഭിച്ചിട്ടില്ല -എ. ഗീത പ്രവേശന പരീക്ഷാ കമ്മിഷണർ