തിരുവനന്തപുരം : രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രിക സംബന്ധിച്ച പുതിയ മാനദണ്ഡങ്ങൾ ഇലക്‌ഷൻ കമ്മിഷൻ പുറത്തിറക്കി. പെരുമാറ്റച്ചട്ടത്തിന് വിധേയമായാണ് പുതിയ നിർദ്ദേശം. രാഷ്ട്രീയ കക്ഷികൾ പ്രകടന പത്രിക പുറത്തിറക്കിയാലുടൻ ഒരു കോപ്പി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകണം. പെരുമാറ്റച്ചട്ടങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ പത്രികയിലില്ലെന്ന സാക്ഷ്യപത്രവും ലഭ്യമാക്കണം. ഭരണഘടനയുടെ ആദർശങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായ കാര്യങ്ങൾ ഉൾപ്പെടുത്തരുത്. തിരഞ്ഞെടുപ്പ് തീയതിക്ക് 48 മണിക്കൂർ മുമ്പ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കണം. ഇതിനു ശേഷം പുതിയ കാര്യങ്ങൾ ഉൾപ്പെടുത്തി നൽകാനാവില്ല. കമ്മിഷന്റെ തീരുമാനം രാഷ്ട്രീയകക്ഷികളെയും റിട്ടേണിംഗ് ഓഫീസർമാരെയും അറിയിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.