ma-baby

കൊല്ലം: കോൺഗ്രസുകാർ ഏതുസമയവും ബി.ജെ.പിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ച എസ്.എഫ്‌.ഐ, ഡി.വൈ.എഫ്‌. ഐ പ്രവർത്തകരുടെ ഒത്തുചേരലായ ഹൃദയപക്ഷം സൗഹൃദസംഗമം സി.കേശവൻ സ്മാരക ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ദിവസം മത്സരിക്കാൻ സീറ്റ് നിഷേധിക്കപ്പെട്ട നേതാവിനോട് ബി.ജെ.പിയിൽ ചേരുമോ എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പറഞ്ഞത് ഇവരുടെ മാനസികാവസ്ഥ വെളിവാക്കുന്നു. കോൺഗ്രസ് തണലിൽ വി.സിയും പി.എസ്.സി ചെയർമാനുമായിരുന്നയാൾ ബി.ജെ.പിയിൽ ചേർന്ന് കഴിഞ്ഞു. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. അധികാരവും പദവിയും വച്ച് നീട്ടുമ്പോൾ ഇവരുടെ മനസ്സ് ചാഞ്ചാടുകയാണെന്നും ബേബി പറഞ്ഞു.

മന്ത്രിമാരായ തോമസ് ഐസക്, ജെ. മേഴ്സിക്കുട്ടിയമ്മ, എം. നൗഷാദ് എം.എൽ.എ, മേയർ വി. രാജേന്ദ്രബാബു, എഴുത്തുകാരി കെ.ആർ. മീര, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, ബുക്ക് മാർക്ക് സെക്രട്ടറി എ. ഗോകുലേന്ദ്രൻ, സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, അമ്പലക്കര അനിൽകുമാർ, വി.ഹർഷകുമാർ, ബിജു. കെ. മാത്യു, എസ്.ആർ. അരുൺബാബു, ശ്യാം മോഹൻ, ആദർശ് എം. സജി തുടങ്ങിയവർ സംസാരിച്ചു.