തിരുവനന്തപുരം : വീട് പണിയാൻ ഇറങ്ങുന്നവർക്ക് വ്യാജപെർമിറ്റ് നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘം ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ സജീവം. നഗരസഭയുടെ വ്യാജ സീലും ഉദ്യോഗസ്ഥരുടെ ഒപ്പും സഹിതമാണ് കൃത്രിമ രേഖ ഉണ്ടാക്കുന്നത്. മുട്ടട സ്വദേശി വർഗീസാണ് തട്ടിപ്പിന് ഇരയായത്. പ്രവാസിയായ മകൻ വി.ആർ. ജോയി ജോണിന്റെ പേരിൽ കിണവൂർ വാർഡിൽ മുണ്ടൈക്കോണത്ത് എട്ട് സെന്റ് സ്ഥലത്ത് 4600 സ്ക്വയർഫീറ്റ് വീട് പണിയാനാണ് വ്യാജപെർമിറ്റ് ലഭിച്ചത്. ഒരു ലക്ഷം രൂപയാണ് പെർമിറ്റിന് മാത്രമായി കോൺട്രാക്ടർ വാങ്ങിയത്. വീട് പണി അടങ്കൽ നൽകിയ കോൺട്രാക്ടർ പറ്റിച്ചെന്നാണ് പരാതി. ഉടമസ്ഥൻ മണ്ണന്തല പൊലീസിനും നഗരസഭയ്ക്കും പരാതി നൽകി.
ഒരുവർഷം മുമ്പാണ് പണി ആരംഭിച്ചത്. ആകെ 32 ലക്ഷം ഇതിനോടകം കോൺട്രാക്ടർക്ക് നൽകി. കെട്ടിടനിർമ്മാണ പെർമിറ്റ് വാങ്ങി നൽകിയത് ഉൾപ്പെടെ കോൺട്രാക്ടറാണ്. എന്നാൽ കഴിഞ്ഞ മാസം കുടപ്പനക്കുന്ന് സോണലിലെ ഉദ്യോഗസ്ഥർ എത്തിയാണ് സ്റ്റോപ്പ്മെമ്മോ നൽകിയത്. മൂന്ന് നിലയുള്ള വീടിന്റെ ആദ്യ നില പൂർത്തിയാകുന്നതിനിടെ പണി നിറുത്തിവച്ചതോടെ ഉടമസ്ഥരും പ്രതിസന്ധിയിലായി.
പരിശോധനയിൽ കെട്ടിടനിർമ്മാണ പെർമിറ്റിനായി ഇത്തരമൊരു ഫയൽ നഗരസഭയിൽ തുറന്നിട്ടില്ലെന്ന് കണ്ടെത്തി. ഈ വസ്തുവിന് സമീപത്ത് 1200 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാൻ നഗരസഭ നൽകിയ അനുമതി നമ്പരാണ് വ്യാജ പെർമിറ്റിലുമുള്ളതെന്നും കണ്ടെത്തി. കൃത്രിമ പെർമിറ്റ് നൽകാൻ അഞ്ജുവെന്ന പേരിൽ അസിസ്റ്റന്റ് എൻജിനിയറുടെ സീലും ശശിധരൻ എന്ന പേരിൽ ഓവർസിയറുടെ ഒപ്പുമാണ് ഉപയോഗിച്ചത്. ഇരുവരും തിരുവനന്തപുരം നഗരസഭയിൽ ജോലി നോക്കുന്നില്ല. പാളയത്തെ അംഗീകൃത ബിൽഡിംഗ് ഡിസൈനറായ സത്യവതിയുടെ സീലും തട്ടിപ്പ് സംഘം വ്യാജമായി ഉണ്ടാക്കിയിട്ടുണ്ട്. തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ബിൽഡിംഗ് ഡിസൈനേഴ്സ് ഓർഗനൈസേഷൻ നഗരസഭയ്ക്ക് പരാതി നൽകി.
വ്യാജപെർമിറ്റ് ഉണ്ടാക്കി വയൽ നികത്തി
നിയമപ്രകാരം മുണ്ടെക്കോണത്തെ സ്ഥലത്ത് 1200 സ്ക്വയർ ഫീറ്രിൽ കൂടുതൽ നിർമ്മാണ അനുമതി ലഭിക്കില്ലെന്ന് മനസിലാക്കിയാണ് തട്ടിപ്പ് നടത്തിയത്. വയൽ ഭൂമിയായതിനാൽ നെൽവയൽ തണ്ണീർത്തട നിയമ പ്രകാരം നഗരപരിധിയിൽ കുറഞ്ഞത് 5 സെന്റ് സ്ഥലമുള്ളവർക്ക് പരമാവധി 1200 സ്ക്വയർ ഫീറ്റ് വീട് നിർമ്മിക്കാനുള്ള അനുമതിയാണ് നൽകുന്നത്. ബന്ധപ്പെട്ട വില്ലേജ് ഓഫീസറും കൃഷി ഓഫീസറും പരിശോധിച്ച് സ്ഥലം ഡേറ്റാബാങ്കിൽ ഉൾപ്പെട്ടിട്ടില്ലെങ്കിൽ മാത്രമേ അനുമതി ലഭിക്കൂ. വ്യാജരേഖ ചമച്ചതിലൂടെ ഇത്തരം നടപടിക്രമങ്ങൾ ഒഴിവായി.
കോൺട്രാക്ടറെ മാറ്റി പണിയും കിട്ടി
പൂങ്കുളം സ്വദേശിയായ കോൺട്രാക്ടറെയാണ് ഒരുവർഷം മുമ്പ് വർഗീസ് പണി ഏല്പിച്ചത്.
ജോലിയിൽ കൃത്രിമം കാട്ടിയതിന് ഇക്കഴിഞ്ഞ ജനുവരിയിൽ കോൺട്രാക്ടറെ മാറ്റി
പിന്നാലെയാണ് സ്റ്റോപ്പ് മെമ്മോ ലഭിച്ചത്.
കഴിഞ്ഞ മാസം ആദ്യം വിജിലൻസാണ് സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയത് രേഖകളെല്ലാം പരിശോധിച്ചു
നാല് ദിവസത്തിന് ശേഷം കുടപ്പനക്കുന്ന് സോണലിലെ ഉദ്യോഗസ്ഥരെത്തി സ്റ്റോപ്പ് മെമ്മോ നൽകി.
ഇതോടെ സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് വീട്ടുകാരുടെ സംശയം.
കോൺട്രാക്ടറെ മാറ്റിയതിന് പിന്നാലെ എങ്ങനെ ഉദ്യോഗസ്ഥർ രംഗത്തെത്തിയെന്നതിലാണ് ദുരൂഹത.
പഴയ തട്ടിപ്പുകൾ ഫയലിൽ ഒതുങ്ങി
2015-16ൽ നഗരത്തിൽ സമാന തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തു.
പാങ്ങോട്, പൂജപ്പുര, മുടവൻമുകൾ എന്നിവിടങ്ങളിലായിരുന്നു വ്യാജപെർമിറ്റ് കണ്ടെത്തിയത്.
നഗരസഭയ്ക്കും വിജിലൻസിനും പരാതി നൽകി
പരാതികൾ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. ഇതോടെ അന്വേഷണവും നിലച്ചു
"വ്യാജ പെർമിറ്റുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി വിശദമായ അന്വേഷണത്തിന് മണ്ണന്തല പൊലീസിന് കൈമാറിയിട്ടുണ്ട്."
-രാജൻ
കോർപറേഷൻ ചീഫ് എൻജിനിയർ