തിരുവനന്തപുരം: "വെറിയായതിനാൽ വെയിലിൽ ജോലിചെയ്യുന്നവരോട് ജോലി സമയം ക്രമീകരിക്കാൻ സർക്കാർ പറയുന്നു. എന്നാൽ സമയം നോക്കി തണലത്തിരുന്നാൽ കച്ചവടം നടക്കില്ല. വെയില് കൊള്ളാതിരിക്കാൻ ഒരു ടാർപോളിൻ പോലും വലിച്ച് കെട്ടാൻ അധികൃതർ തയ്യാറല്ല. വീട്ടിൽ അടുപ്പ് പുകയ്ക്കണമെങ്കിൽ ഞങ്ങളിങ്ങനെ നരകത്തീയിൽ എരിയുകയല്ലാതെ മറ്റ് എന്ത് മാർഗം". ചാല നവീകരണത്തിനായി റോഡിലേക്ക് കുടിയൊഴിപ്പിക്കപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ബാബുവിന്റെ അമർഷമാണിത്.
ചാലക്കമ്പോളം നവീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം നവംബർ 30നാണ് അന്നത്തെ ചാല പച്ചക്കറി മാർക്കറ്റിനുള്ളിലെ അഞ്ഞൂറോളം കച്ചവടക്കാരെ പച്ചക്കറി മാർക്കറ്റിന് സമീപം കോർപറേഷന്റെ കെട്ടിടത്തിന് മുന്നിലും പാർക്കിംഗ് സ്ഥലത്തേക്കുമായി മാറ്റിയിരുത്തിയത്. മൂന്ന് മാസത്തിനുള്ളിൽ മാർക്കറ്റ് നവീകരിച്ച് വേനൽക്കാലത്തിന് മുൻപ് കച്ചവടക്കാർക്കായി തുറന്ന് കൊടുക്കുമെന്നും അധികൃതർ അറിയിച്ചു. നാലടി വീതിയും നീളവുമുള്ള ചതുരാകൃതിയിലുള്ള സ്ഥലമാണ് കച്ചവടക്കാർക്കായി പ്രത്യേകം വരച്ച് നൽകിയിട്ടുള്ളത്. നിന്നു തിരിയാൻ സ്ഥലമില്ലാതെ ഇവിടെ നിന്നാണ് ത്രാസും പച്ചക്കറിക്കൂടകളും കുറഞ്ഞത് മൂന്നുപേരുമടങ്ങിയവർ വ്യാപാരം നടത്തുന്നത്.
നവീകരണം തുടങ്ങി നാല് മാസമായിട്ടും കെട്ടിടത്തിന് അസ്ഥികൂടം മാത്രമാണായിട്ടുള്ളത്. അതിനിടെ വേനൽക്കാലം കൂടി എത്തിയതോടെ വെയിലുകൊണ്ട് നട്ടം തിരിഞ്ഞിരിക്കുകയാണ് കച്ചവടക്കാർ. പുലർച്ചെ 5 മണിക്ക് തുടങ്ങുന്ന കച്ചവടം ഉച്ചയ്ക്ക് 1 മണി വരെയാണ് സജീവമായി നിൽക്കുന്നത്. ഈ സമയത്താണ് കൂടുതൽ ആവശ്യക്കാരുമെത്തുന്നതെന്ന് കച്ചവടക്കാർ പറയുന്നു. അതുകൊണ്ട് തന്നെ വെയില് കൊള്ളാതെ നിവൃത്തിയില്ല. ചിലർ വലിയ കുടകൾ നാട്ടി വെയിലിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും പല പാവപ്പെട്ട കച്ചവടക്കാർക്കും കുട ചൂടാനുള്ള സാമ്പത്തികം പോലുമില്ല. പഴയ മാർക്കറ്റിൽ തൂണ് നാട്ടി ചാക്കും മറ്റും കെട്ടി തണലൊരുക്കിയാണ് കച്ചവടക്കാർ വേനലിനെ നേരിട്ടിരുന്നത്. അഞ്ഞൂറോളം വരുന്ന കച്ചവടക്കാർക്ക് വെയിലേൽക്കാതിരിക്കാൻ ചാക്കിന്റെ തണലെങ്കിലും ഒരുക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് കച്ചവടക്കാരുടെ ആവശ്യം. രണ്ട് മാസത്തിനുള്ളിൽ മഴക്കാലം കൂടി ഇങ്ങ് എത്തും. അതോടെ കാര്യങ്ങൾ കൂടുതൽ കഷ്ടത്തിലാകുമെന്ന ആശങ്കയിലാണ് കച്ചവടക്കാർ. കച്ചവടം ഏപ്രിലിൽ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.
മൊത്തവിപണനം കഷ്ടത്തിലാണ്!മാർക്കറ്റിന് മുന്നിലെ കോർപറേഷൻ കെട്ടിടത്തിലാണ് ചാലയിലെ പച്ചക്കറിയുടെ മൊത്തവ്യാപാര യൂണിറ്റുള്ളത്. ഇവിടെ 32 കടകളുണ്ട്. ചെറുകിട കച്ചവടക്കാരെ ഇതിന് മുന്നിലേക്ക് മാറ്റിയപ്പോൾ തമിഴ്നാട്ടിൽ നിന്നടക്കം മൊത്തപച്ചക്കറിയുമായെത്തുന്ന ലോറികളടക്കമുള്ളവ പാർക്ക് ചെയ്ത് സാധനങ്ങൾ ഇറക്കാൻ ഇടമില്ലാതായി. ഇത് കച്ചവടത്തെ പ്രതികൂലമായി ബാധിച്ചെന്നാണ് വ്യാപാരികൾ പറയുന്നത്. എങ്കിലും വികസനത്തിനായി കഷ്ടപ്പാടുകൾ സഹിക്കാൻ തയ്യാറാണെന്നും ഇവർ പറയുന്നു.
അത്യാധുനിക മാർക്കറ്റിന് ഇനിയും കാത്തിരിക്കണംഅത്യാധുനിക സംവിധാനങ്ങളോട് കൂടിയ പച്ചക്കറി മാർക്കറ്റിനായി ഇനിയും കാത്തിരിക്കേണ്ടി വരും. മാർക്കറ്റിലെ പഴയ കടകൾ പൊളിച്ചാണ് പുതിയത് നിർമ്മിക്കുന്നത്. ഇവയ്ക്ക് ഓട് മേൽക്കൂരയും പാകണം, നടപ്പാതകളിൽ ഇന്റർലോക്കിട്ട് മഴവെള്ളം ഒഴുകാനുള്ള സംവിധാനം ഒരുക്കണം, പുതിയ കെട്ടിടത്തിന്റെ വശങ്ങളിലും കടകൾ സജ്ജീകരിക്കണം തുടങ്ങി ജോലികൾ ഒട്ടേറെയുണ്ട്. മാർക്കറ്റിന്റെ പ്രധാന കവാടം കരിപ്പട്ടി കടയുടെ ഭാഗത്താണ്. മത്സ്യ മാർക്കറ്റിനോട് ചേർന്ന് മാലിന്യം സംസ്കരിക്കുന്ന ബയോഗ്യാസ് പ്ലാന്റും ഒരുക്കേണ്ടതുണ്ട്.
ചാല നവീകരണം ആദ്യ ഘട്ടം
കിഴക്കേകോട്ടയിലും ആര്യശാലയിലും പ്രവേശന കവാടം
പൈതൃക തെരുവ് ലോഗോയുള്ള ബോർഡുകൾ
വലിയ ദിവാൻ രാജാകേശവദാസിന്റെ പ്രതിമ ആര്യശാലയിൽ സ്ഥാപിക്കും
പുതിയ മാലിന്യസംസ്കരണ പദ്ധതി
ചാലയുടെയും തിരുവിതാകൂറിന്റെയും ചരിത്രം ആലേഖനം ചെയ്യുന്ന മതിലുകൾ
മേൽക്കൂരയുള്ള നടപ്പാതകൾ
വിശ്രമിക്കാൻ ചാരുബെഞ്ചും പൂന്തോട്ടവും
കിള്ളിപ്പാലത്ത് പ്രത്യേക പ്രവേശന കവാടം
ക്ലാസിക് രീതിയിലുള്ള വിളക്കുകൾ
കടകൾക്ക് ഒരേ നിറം
കൊത്തുവാൾ സ്ട്രീറ്റിൽ അമിനിറ്റി സെന്ററും കോഫീഷോപ്പും സ്നാക്ക് ബാറും
രണ്ടാം ഘട്ടം
സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് 63 കോടി രൂപ ചെലവിടും. കഴിക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള പ്രധാന റോഡും ചാലയിലെ മറ്റ് ഇടറോഡുകളും നവീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിക്കേകോട്ട മുതൽ കിള്ളിപ്പാലം വരെയുള്ള പ്രധാന റോഡുകളുടെയും ചാലയിലെ മറ്റ് ഇടറോഡുകളുടെയും നവീകരണമാണ് രണ്ടാം ഘട്ടത്തിൽ പ്രധാനപ്പെട്ട പദ്ധതി.
' കച്ചവടക്കാർക്ക് വെയിലേൽക്കാതെ ഇരുന്ന് ജോലിചെയ്യാനുള്ള ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാം.'
വി.കെ. പ്രശാന്ത്, മേയർ