തിരുവനന്തപുരം: വേനൽ കടുത്തതോടെ തെരുവിൽ കൂണുപോലെ ശീതളപാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളിലും ജ്യൂസ് കടകളിലും വില്പന ഉഷാറാകുന്നു. ഇതിൽ പലതും വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയുമാണ് പ്രവർത്തിക്കുന്നതെന്ന പരാതിയെത്തുടർന്ന് കർശന നിർദ്ദേശങ്ങളും റെയ്ഡുമായി ഭക്ഷ്യസുരക്ഷാ വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. വൃത്തിയുള്ള സാഹചര്യത്തിൽ പാനീയങ്ങൾ വില്പന നടത്തുന്നത് നിർബന്ധമാക്കാനുള്ള ശ്രമങ്ങളാണ് ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തുന്നത്. നഗരത്തിൽ നിന്ന് നൂറോളം കേസുകളാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വെള്ളം ശുദ്ധമാക്കിയിരിക്കണം
കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതോടെ ശീതളപാനീയത്തിൽ ഉപയോഗിക്കുന്ന വെള്ളത്തെക്കുറിച്ച് ആരോപണങ്ങളുണ്ട്. പഴകിയ പാലും വെള്ളവും ഇത്തരത്തിൽ ജ്യൂസ് തയ്യാറാക്കാൻ ഉപയോഗിക്കുന്നുവെന്ന പരാതികളും ഉയർന്നിട്ടുണ്ട്. ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ ഫാക്ടറികളിൽ പായ്ക്കുചെയ്ത പഴച്ചാറുകൾക്ക് ബാധകമല്ലെങ്കിലും അവയുടെ പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രമേ വില്പന നടത്താവൂ. ഇത്തരം പായ്ക്കറ്റുകൾ സൂക്ഷിക്കേണ്ട ഊഷ്മാവ്, ഉപയോഗ കാലാവധി എന്നിവ നിർബന്ധമായും പാലിക്കുകയും വേണം.
ആറുമാസത്തിലൊരിക്കൽ ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബിൽ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. ഈ റിപ്പോർട്ടും കടയിൽ സൂക്ഷിക്കേണ്ടതുണ്ട്. വെള്ളം ഉൾപ്പെടെ കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഫുഡ്ഗ്രേഡ് പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.
പാലിലും പ്രശ്നം
പല ജ്യൂസ് കടകളിലും ഫ്രീസറിൽ വച്ചു കട്ടിയാക്കിയ പാൽ ഷെയ്ക്കിനും മറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ഉപയോഗകാലാവധി കഴിഞ്ഞശേഷവും ഇത്തരത്തിലുള്ള പാൽ ഉപയോഗിക്കുന്നുവെന്ന് ആരോപണമുണ്ട്. ഇത്തരം പാൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടിയും വരും. ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാത്തതോ നിരോധിച്ചതോ ആയ ബ്രാൻഡ് പാൽ ഉപയോഗിക്കുന്നതും നടപടികൾക്കിടയാക്കും.
കേടായ പഴം ജ്യൂസിന്
പലയിടത്തും കേടുവന്ന പഴങ്ങളും അഴുകിയവയും ജ്യൂസിനും ഷെയ്ക്കിനും ഉപയോഗിക്കുന്നുവെന്ന പരാതികൾ ഉയരുകയും ചെയ്തിട്ടുണ്ട്. മുറിച്ച പഴങ്ങളും മറ്റും അധികസമയം ഫ്രീസറിൽ വയ്ക്കരുതെന്നും നിർദ്ദേശിക്കുന്നുണ്ട്. ഗുണനിലവാരമുള്ള പഴങ്ങൾ മാത്രമേ ജ്യൂസിന് ഉപയോഗിക്കാവൂ. കേടുവന്നതും പഴകിയതും പൂപ്പൽ വന്നതുമായ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.
ഭക്ഷ്യോത്പന്നങ്ങളുടെ ബില്ല് സൂക്ഷിക്കണം
ജ്യൂസ്, ഫ്രൂട്ട് സലാഡ്, ഫലൂദ, വിവിധയിനം ഷെയ്ക്കുകൾ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന പഴങ്ങൾ, ഐസ്, പഞ്ചസാര, നട്ട്സ്, മറ്റു ഭക്ഷ്യോത്പന്നങ്ങൾ എന്നിവ ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ ഉള്ള സ്ഥാപനത്തിൽ നിന്ന് വാങ്ങണം. ഇവയുടെ ബില്ലുകളും സൂക്ഷിക്കണം. പരിശോധനാ സമയത്ത് ഇവ കാണിക്കേണ്ടിവരുമെന്നും ഭക്ഷ്യസുരക്ഷാവിഭാഗം ചൂണ്ടിക്കാട്ടുന്നു. ജ്യൂസ് ഉണ്ടാക്കാൻ ശുദ്ധമായ സ്രോതസിൽ നിന്ന് തന്നെ വെള്ളമെടുക്കണം.
കൊമേഴ്സ്യൽ ഐസും തെർമോക്കോൾ പെട്ടിയും പാടില്ല
പല ജ്യൂസ് കടകളിലും വഴിയോര ശീതളപാനീയ വില്പന കേന്ദ്രങ്ങളിലും തെർമോക്കോൾ പെട്ടികളിൽ ഐസ് സൂക്ഷിക്കുന്നത് സാധാരണമാണ്. ഇത് പാടില്ലെന്നാണ് ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ഒപ്പം കൊമേഴ്സ്യൽ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഐസ് പാനീയങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്. ഫ്രീസറിലോ, വൃത്തിയുള്ള പാത്രത്തിലോ ഐസ് ബോക്സിലോ മാത്രമേ ഐസ് സൂക്ഷിക്കാൻ പാടുള്ളൂ. ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ജ്യൂസർ, മിക്സർ തുടങ്ങിയവ വൃത്തിയായിരിക്കണം. റഫ്രിജറേറ്റർ, ഫ്രീസർ എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുകയും വേണം. ജ്യൂസ് കടകളിലുണ്ടാകുന്ന മാലിന്യങ്ങൾ പരിസരമലിനീകരണം ഉണ്ടാക്കാതെ സംസ്കരിക്കണം. ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ ഉണ്ടായിരിക്കണം. ത്വഗ്രോഗമുള്ളവരെയും പകർച്ചവ്യാധികളുള്ളവരെയും ജോലിക്കു നിറുത്തരുതെന്നും ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നു.
ലൈസൻസ് നിർബന്ധം
റോഡുവക്കിലായാലും കടകളിലായാലും ജ്യൂസ് അല്ലെങ്കിൽ ശീതള പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതും സുരക്ഷിതവുമായിരിക്കണം.