തിരുവനന്തപുരം: ജി. ദേവരാജൻ മാസ്റ്ററുടെ വിയോഗത്തിന്റെ 13-ാം വാർഷികത്തോടനുബന്ധിച്ച് ഭാരത് ഭവനും ജി. ദേവരാജൻ മാസ്റർ മെമ്മോറിയൽ ട്രസ്റ്റും ജി. ദേവരാജൻ മാസ്റ്റർ സംഗീത അക്കാഡമി ദേവരാഗപുരവും സംയുക്തമായി സംഘടിപ്പിച്ച ദേവരാഗാങ്കണം, ദേവരാജൻ മാസ്റ്റർ അനുസ്മരണം വമ്പിച്ച ആസ്വാദക പങ്കാളിത്തത്തോടെ ശ്രദ്ധേയമായി.
പതിവ് രീതിയിൽ നിന്നു വ്യത്യസ്തമായി ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ക്വയറും, മാസ്റ്ററുടെ അപൂർവസുന്ദരഗാനങ്ങളും കോർത്തിണക്കിയുള്ള ഒരു വ്യത്യസ്ത സംഗീതസന്ധ്യയായിരുന്നു ഭാരത് ഭവനിലെ ആസ്വാദകർ അനുഭവിച്ചത്. മുൻ ചീഫ് സെക്രട്ടറി സി.പി. നായർ ദേവരാജൻ മാസ്റ്ററുടെ ചിത്രത്തിനു മുന്നിൽ ദീപം തെളിച്ചു കൊണ്ടായിരുന്നു ശക്തിഗാഥക്വയർ ആരംഭിച്ചത്. ദേവരാജൻ മാസ്റ്റർ അനുസ്മരണവും, മാസ്റ്ററുടെ ആദ്യ സിനിമയായ കാലം മാറുന്നു എന്ന ചിത്രത്തിലെ ഗായിക ലളിത തമ്പിയെ ആദരിക്കലും നടന്നു. തുടർന്ന് ശ്രീകുമാരൻ തമ്പി, പ്രഭാവർമ്മ, ടി.പി. ശാസ്തമംഗലം, പ്രമോദ് പയ്യന്നൂർ, എ.എ. റഷീദ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി. ഒപ്പം തന്നെ മാസ്റ്ററുടെ പതിമ്മൂന്നാം ചരമവാർഷികത്തിന്റെ പ്രതീകമായി പതിമ്മൂന്ന് ദീപങ്ങൾ പ്രമുഖരായ പതിമ്മൂന്ന് പേർ ചേർന്ന് തെളിച്ചു.
ദേവരാജൻ മാസ്റ്റർ ചിട്ടപ്പെടുത്തിയ ഇരുപതോളം ക്വയർ ഗാനങ്ങളും, പതിമ്മൂന്ന് ചലച്ചിത്ര ഗാനങ്ങളും പിന്നണി ഗായകരായ പന്തളം ബാലൻ, ജി. ശ്രീറാം, പി.വി. പ്രീത, അർജുൻ ബി. കൃഷ്ണ, കാഞ്ചന ശ്രീറാം, ഹരിത സനൽ, കീർത്തന രവീന്ദ്രൻ, കമൽ മോഹൻ, നീനു ഗോപു, അമൽ ബാബു എന്നിവർ ആലപിച്ചു. 23 വർഷം പിന്നിടുന്ന ദേവരാജൻ മാസ്റ്ററുടെ ശക്തിഗാഥ ക്വയറിന്റെ പഴയകാല ഗായകരായ രാജേന്ദ്രൻ, ശ്യാം, സിന്ധു, ഗോപകുമാർ, അശ്വതി, ഗായത്രീ ദേവി, ദയാ രവീന്ദ്രൻ എന്നിവരെ കൂടാതെ മാസ്റ്ററുടെ ഓർക്കസ്ട്രയിൽ പ്രവർത്തിച്ച ഗിറ്റാറിസ്റ്റ് ആർ. ഇളങ്കോ, തബലിസ്റ്റ് ആർ. ഗണേഷ്കുമാർ, കീബോർഡ് പ്രോഗ്രാമർ ബോബൻ വേളി എന്നിവരെയും ആദരിച്ചു.
ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന്റെയും, ട്രസ്റ്റ് ജനറൽ സെക്രട്ടറി സതീഷ് രാമചന്ദ്രന്റെയും, ട്രസ്റ്റ് എക്സിക്യൂട്ടിവ് അംഗം ഗോപകുമാരൻ നായരുടെയും നേതൃത്വത്തിൽ അരങ്ങേറിയ ഈ സംഗീതസന്ധ്യ ഭാരത് ഭവനിൽ തടിച്ചു കൂടിയ ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറി.