തിരുവനന്തപുരം: 'ഞാൻ ഗരുഡിൻ അല്ല, ഗുരുദിൻ ആണ് ' പറയുന്നത് സിറ്റി പൊലീസ് കമ്മിഷണർ കോറി സഞ്ജയ് കുമാർ ഗുരുദിൻ. ഉത്തർപ്രദേശുകാരനായ പുതിയ കമ്മിഷണറുടെ പേര് മാദ്ധ്യമങ്ങളിൽ തെറ്റായി വന്നപ്പോഴാണ് സ്വന്തം പേര് വിശദീകരിച്ച് കമ്മിഷണർ രംഗത്തെത്തിയത്. ''അച്ഛന്റെ പേര് ഗുരുദിൻ കോറി എന്നാണ്. മുംബയിൽ ക്രോംപ്ടൺ ഗ്രീവ്സിലെ ഉദ്യോഗസ്ഥനായിരുന്നു. അങ്ങനെ വന്നതാണ് പേരിനൊപ്പമുള്ള ഈ ഗുരുദിൻ.''- കമ്മിഷണർ സിറ്റി കൗമുദിയോട് പറഞ്ഞു.
2005ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാർ ഗുരുദിൻ. മുംബയ് സർവകലാശാലയിൽ നിന്ന് പ്രൊഡക്ഷൻ എൻജിനിയറിംഗിൽ ബിരുദമെടുത്ത ശേഷം മഹീന്ദ്ര ജീപ്പ്സിൽ ഒരു വർഷക്കാലം എൻജിനിയറായിരുന്നു. പ്രൊഡക്ഷൻ, സപ്ലൈ ചെയിൻ, മാനേജ്മെന്റ് ആൻഡ് ക്വാളിറ്റി കൺട്രോൾ എന്നിവയായിരുന്നു ചുമതലകൾ. പിന്നീട് മൂന്നുവർഷം ഡൽഹി മെട്രോ റെയിൽ കോർപറേഷനിൽ (ഡി.എം.ആർ.സി) സ്റ്റേഷൻ കൺട്രോളറായി. ട്രെയിൻ ഓപ്പറേഷൻ, വരുമാനമുണ്ടാക്കൽ, കസ്റ്റമർ കെയർ, മെയിന്റനൻസ് എന്നീ ചുമതലകളാണ് അവിടെ ഗുരുദിന് ഉണ്ടായിരുന്നത്.
കൊല്ലം എ.എസ്.പിയായി പൊലീസിലെത്തിയ ഗുരുദിൻ തുടക്കകാലത്തു തന്നെ അന്വേഷണത്തിലെ മികവിന് ബാഡ്ജ് ഒഫ് ഓണർ നേടി. പിന്നീട് ജില്ലാ പൊലീസ് മേധാവിയായി സ്ഥാനക്കയറ്റത്തോടെ കൊല്ലം, പത്തനംതിട്ട, കാസർകോട്, തിരുവനന്തപുരം സിറ്റി, കണ്ണൂർ ജില്ലകളിൽ പ്രവർത്തിച്ചു. 2012ൽ പൊലീസ് ആസ്ഥാനത്ത് അസി. ഇൻസ്പെക്ടർ ജനറലായി. 2012 മുതൽ 2015 വരെ ദേശീയ അന്വേഷണ ഏജൻസിയിൽ (എൻ.ഐ.എ) ഡെപ്യൂട്ടേഷനിലായിരുന്നു. എൻ.ഐ.എയുടെ ലക്നൗ ഓഫീസിന്റെ തലവനായി. ആറ് സംസ്ഥാനങ്ങളിലെ തീവ്രവാദ, ആഭ്യന്തര സുരക്ഷാ കേസുകളുടെ അന്വേഷണത്തിന്റെ ചുമതല വഹിച്ചു. എൻ.ഐ.എയിലെ അന്വേഷണ മികവിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചു. കേരളത്തിൽ തിരിച്ചെത്തി സായുധ പൊലീസ് ബറ്റാലിയൻ കമൻഡാന്റായി.