എസ്.എൽ. പുരം ജയസൂര്യ രചനയും സംവിധാനവും നിർവഹിക്കുന്ന ജാക്ക് ഡാനിയേലിൽ ദിലീപ് നായകൻ. തമിഴ് നടൻ അർജുൻ ഇതിലൊരു ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നുണ്ട്. അഞ്ജു കുര്യനാണ് നായിക.തമ്മീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമ്മീൻസാണ് ജാക്ക് ഡാനിയേൽ നിർമ്മിക്കുന്നത്.അജു വർഗീസ്, ദേവൻ, സൈജു കുറുപ്പ് എന്നിവരാണ് മറ്റു താരങ്ങൾ. മാർച്ച് 21ന് കൊച്ചി അഞ്ചുമന ക്ഷേത്രത്തിൽ പൂജ നടക്കും. എറണാകുളവും ഗോവയുമാണ് ലൊക്കേഷൻ. ഏപ്രിൽ 10ന് ചിത്രീകരണം ആരംഭിക്കും.
ഏറെ നാളായി ജയസൂര്യ ദിലീപ് സിനിമയുടെ പണിപ്പുരയിലാണ്. ദിലീപ് നായകനായ ദ സ്പീഡ് ട്രാക്കാണ് ജയസൂര്യയുടെ ആദ്യ സിനിമ. മോഹൻലാലിനെ നായകനാക്കി ഏയ്ഞ്ചൽ ജോണും സംവിധാനം ചെയ്തു.ജയസൂര്യ തിരക്കഥ ഒരുക്കിയ ധ്യാൻ ശ്രീനിവാസൻ സിനിമ സച്ചിൻ റിലീസിന് ഒരുങ്ങുകയാണ് .കൊച്ചിയിൽകെ.പി വ്യാസൻ സംവിധാനം ചെയ്യുന്ന ശുഭരാത്രിയിൽ അഭിനയിച്ചു വരികയാണ് ദിലീപ്.
ഈ സിനിമയിൽ അനു സിതാരയാണ് നായിക.അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെ അഭിനയരംഗത്തുവന്ന അഞ്ജു കുര്യൻ കവി ഉദ്ദേശിച്ചതിൽ ആസിഫ് അലിയുടെ നായികയായിരുന്നു. ഞാൻ പ്രകാശനിൽ രണ്ടാം നായികയും.