perfume

ലോകത്തിലെ ഏറ്റവും വില കൂടിയ സുഗന്ധ ദ്രവ്യം പുറത്തിറക്കി റെക്കോർഡ് നേടിയിരിക്കുകയാണ് ദുബായ്. 4.752 മില്യൻ ദിർഹം (8.5 കോടി) ആണ് ‘ശുമുഖ്’ എന്നു പേരുളള പെർഫ്യൂമിന്റെ വില. അതേസമയം, വിലയേറിയ ഈ പെർഫ്യൂം വാങ്ങുന്നതിന് ഉപഭോക്താക്കൾ ഇനിയും നാലോ ആറോ മാസം കാത്തിരിക്കേണ്ടി വരും.

നബീൽ പെർഫ്യൂംസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ആണ് പെർഫ്യൂം നിർമ്മിച്ചിരിക്കുന്നത്. ദുബായ് മാളിൽ മാർച്ച് 30 വരെ പെർഫ്യൂം പ്രദർശനത്തിന് വച്ചിട്ടുണ്ട്. 3,571 രത്നങ്ങൾ (38.55 കാരറ്റ്), 18 കാരറ്റ് സ്വർണം, മുത്തുകൾ, വെളളി എന്നിവ ആവരണം ചെയ്തിട്ടുളളതാണ് പെർഫ്യൂം ബോട്ടിൽ. മുത്തുകൾ ഫിലിപ്പീൻസിൽനിന്നും കൊണ്ടുവന്നവയാണ്.


ഇന്ത്യയിൽനിന്ന് കൊണ്ടുവന്ന അതിവിശിഷ്ടമായ ഊത് കൊണ്ടാണ് ശുമുഖ് നിർമ്മിച്ചിട്ടുളളത്. ഒന്നര മീറ്ററോളം ഉയരം വരുന്ന സ്റ്റാന്റിലാണ് പെർഫ്യൂം ബോട്ടിൽ ഘടിപ്പിച്ചിരിക്കുന്നത്. റിമോട്ടിൽ പ്രവർത്തിപ്പിക്കാൻ കഴിയുന്നതാണ് പെർഫ്യൂം. ആളുടെ വലിപ്പത്തിന് അനുസരിച്ച് ഉയർന്നും താഴ്ന്നും പ്രവർത്തിക്കും. തുടർച്ചയായി 12 മണിക്കൂർ സുഗന്ധം നിലനിൽക്കുമെന്നതാണ് ശുമുഖിന്റെ മറ്റൊരു പ്രത്യേകത.


പെർഫ്യൂം ബോട്ടിലിൽ ഏറ്റവും കൂടുതൽ രത്നങ്ങൾ, റിമോട്ട് കൺട്രോളറിൽ പ്രവർത്തിക്കുന്ന ഏറ്റവും ഉയരം കൂടിയ സ്പ്രേഎന്നിങ്ങനെ രണ്ടു ഗിന്നസ് റെക്കോർഡുകൾ ഇതിനകം ശുമുഖ് നേടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശുമുഖ് പ്രദർശിപ്പിക്കും.