നെടുങ്കണ്ടം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം കേട്ടാൽ അതിർത്തിയിൽ നേരിട്ടെത്തി യുദ്ധം ചെയ്‌ത പോലെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു. ഇടുക്കിയിലെ എൽ.ഡി.എഫ്. സ്വതന്ത്രസ്ഥാനാർത്ഥി ജോയ്സ് ജോർജിന്റെ ഉടുമ്പൻചോല അസംബ്ലി നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ സുരക്ഷയെ ഉയർത്തി വോട്ടുതേടുന്ന മോദിയുടെ പ്രസംഗം കേട്ടാൽ, അതിർത്തിയിൽ അദ്ദേഹം നേരിട്ടുപോയി യുദ്ധംചെയ്താണ് സമാധാനം നിലനിറുത്തുന്നതെന്നു തോന്നുമെന്ന് എം.എം.മണി പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉയർത്തിപിടിച്ച മുദ്രവാക്യങ്ങൾ വിഴുങ്ങുകയും ഇപ്പോൾ വീണ്ടും പൊള്ളയായ വാഗ്ദാനങ്ങളുമായാണ് മോദിയും കൂട്ടരും ഇറങ്ങിയിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി ഈ തിരഞ്ഞെടുപ്പിലൂടെ ഇന്ത്യയിലെ ജനങ്ങൾ മോദിക്കും കൂട്ടർക്കും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അഭിമാനമായ സൈനികർ അവരുടെ ജീവൻ കൊടുത്താണ് നമ്മുടെ അതിർത്തി കാക്കുന്നത്. അവർ പോരാടുന്നത് ഇന്ത്യയിലെ എല്ലാവർക്കും വേണ്ടിയാണ്. ഭീകരവാദത്തെ അടിച്ചമർത്തുന്ന സൈനികർ ബി.ജെ.പി.ക്കും നരേന്ദ്രമോദിക്കും വേണ്ടിയാണു പോരാടുന്നത് എന്നതരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും മന്ത്രി മണി പറഞ്ഞു.
ഇപ്പോഴത്തെ റിസർവ് ബാങ്ക് ഗവർണർ മോദിയുടെ പാവയാണ്. മോദി ഇരിക്കാൻ പറഞ്ഞാൽ ഗവർണർ കിടക്കും. ഗുജറാത്ത് കലാപത്തിനു ഭംഗിയായി നേതൃത്വം നൽകിയതിന്റെ പരിഗണനയായാണ് മോദിയെ പ്രധാനമന്ത്രിയാക്കിയും അമിത് ഷായെ ബി.ജെ.പി. അഖിലേന്ത്യാ പ്രസിഡന്റാക്കിയും ആർ.എസ്.എസ്. ഉയർത്തിയത്-എം.എം.മണി പറഞ്ഞു.
അമ്പതും നൂറും കോടിയെന്നു കേട്ടാൽ കോൺഗ്രസുകാർ കമിഴ‌്ന്നു വീഴുമെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് കോൺഗ്രസിന്റെ നേത്യത്വത്തിലുള്ള ഭരണം വന്നപ്പോഴെല്ലാം അഴിമതിയും കൊള്ളയും വർദ്ധിച്ചിട്ടേയുള്ളു. ഇത് കോൺഗ്രസിന്റെതന്നെ പതനത്തിന് കാരണമായി തീർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.