modi-amith-shah

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബാലാകോട്ട് എയർസ്‌ട്രൈക്ക് അടക്കം പലസാഹചര്യങ്ങളും ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിന് അനുകൂലമാകുമെന്ന് സർവേ. ഇതിന്റെ ഫലമായി കേന്ദ്രത്തിൽ 283 സീറ്റ് നേടി നരേന്ദ്ര മോദി തന്നെ അധികാരത്തിൽ വരുമെന്നും, കേരളത്തിൽ താമര വീണ്ടും വിരിയുമെന്നും സർവേ ഫലങ്ങൾ പറയുന്നു. ടൈംസ് നൗ- വി.എം.ആർ ആണ് സർവേ നടത്തിയത്.

ജനുവരിയിൽ ആയിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കിൽ ഇപ്പോൾ പ്രവചിച്ചതിനേക്കാൾ 21 സീറ്റോളം എൻ.ഡി.എയ്‌ക്ക് കുറഞ്ഞേനെയെന്ന് സർവേ പറയുന്നു. എന്നാൽ അതിനു ശേഷം ജനപ്രിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയ ബഡ്‌ജറ്റും, ബാലാക്കോട്ട് ആക്രമണവുമെല്ലാം കാര്യങ്ങൾ മാറ്റിമറിച്ചു.

അതേസമയം, കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയ്‌ക്ക് 135ഉം മറ്റുള്ളവർ 125 ഉം സീറ്റു നേടുമെന്ന് സർവേ വ്യക്തമാക്കുന്നു. ആകെ 543 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ യു.ഡി.എഫിന് 16ഉം എൽ.ഡി.എഫിന് മൂന്നും സീറ്റുകൾ പ്രവചിക്കുന്ന സർവേ എൻ.ഡി.എ കേരളത്തിൽ ഒരു സീറ്റു നേടുമെന്നും പറയുന്നു.