പത്തനംതിട്ട: എൻ.ഡി.എ സ്ഥാനാർത്ഥിക്കായുളള കാത്തിരിപ്പ് പത്തനംതിട്ടയിൽ നീളുന്നു. അഭ്യൂഹങ്ങൾ പലതും പ്രചരിക്കുന്നുണ്ടെങ്കിലും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിക്കാര്യത്തിൽ സംസ്ഥാന, ജില്ലാ നേതാക്കളാരും മനസു തുറക്കുന്നില്ല. ഡൽഹിയിൽ പ്രഖ്യാപിക്കും എന്നേ പറയുന്നുളളൂ. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കരുടെ മരണം കാരണമാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളുന്നതെന്ന് നേതൃത്വം വിശദീകരിച്ചു.സ്ഥാനാർത്ഥി നിർണയം നീളുന്നതിൽ അതൃപ്‌തി പ്രകടിപ്പിച്ച ആർ.എസ്.എസ് നേതൃത്വം വിഷയത്തിൽ എത്രയും പെട്ടെന്ന് പരിഹാരം വേണമെന്ന് നിർദ്ദേശിച്ചതായും വിവരമുണ്ട്.
പത്തനംതിട്ടയിൽ പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻപിള്ളയും ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനും അവകാശവാദം ഉന്നയിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ശബരിമല വിഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾ പാർട്ടിക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ് ഈ നേതാക്കൾ പത്തനംതിട്ട സീറ്റിനായി വടംവലി രൂക്ഷമാക്കിയത്. ശബരിമല കേസിൽ ജയിലിൽ കിടന്നതും കോടതി വിലക്ക് കൽപ്പിച്ചതുമൊക്കെ അനുകൂലമാകുമെന്നാണ് സുരേന്ദ്രന് വേണ്ടി വാദിക്കുന്നവർ പറയുന്നത്. എന്നാൽ ക്രിസ്ത്യൻ വോട്ടുകൾ നിർണായകമായ പത്തനംതിട്ടയിൽ സുരേന്ദ്രനെ പോലുള്ള തീവ്രനിലപാടുകാർ മത്സരിച്ചാൽ ഗുണം ചെയ്യില്ലെന്നും എല്ലാവർക്കും സ്വീകാര്യനായ ശ്രീധരൻപിള്ളയെപ്പോലുള്ളവർ വേണമെന്നുമാണ് മറുഭാഗത്തിന്റെ വാദം.
ഇക്കാര്യം ഉന്നയിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ അടക്കമുള്ളവരുടെ ഫേസ്ബുക്ക് പേജുകളിൽ പ്രവർത്തകർ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. പാർട്ടി അദ്ധ്യക്ഷനെന്ന നിലയിൽ പത്തനംതിട്ട സീറ്റിൽ നിന്നും ശ്രീധരൻ പിള്ള വിട്ടുനിൽക്കണെന്നും പകരം ഇവിടെ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം. സ്ത്രീകൾ അടക്കമുള്ള വോട്ടർമാർക്കിടയിൽ പിള്ളയേക്കാൾ സുരേന്ദ്രനാണ് സ്വീകാര്യതയെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. സുരേന്ദ്രനെ ഒഴിവാക്കിയാൽ അത് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ തിരിച്ചടിയാകുമെന്നും ഇക്കൂട്ടർ വാദിക്കുന്നു.
അതേസമയം, സംസ്ഥാനത്തെ ബി.ജെ.പിയുടെ ബൂത്ത് സമ്മേളനങ്ങൾ പൂർത്തിയായി വരുന്നു. 25ന് അവസാനിക്കും. പഞ്ചായത്ത് കൺവെൻഷനുകൾ പൂർത്തിയായ ശേഷമാണ് ബൂത്ത് സമ്മേളനങ്ങൾ നടക്കുന്നത്. ചുവരുകൾ ബുക്ക് ചെയ്തു കഴിഞ്ഞു. ഇനി വെളള പൂശി സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും എഴുതിയാൽ മതി. ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്.