താനെ: കാണാതായ ഇന്ത്യ അൺബൗണ്ട് മാഗസീൻ ചീഫ് എഡിറ്റർ നിത്യാനന്ദ് പാണ്ഡേയുടെ മൃതദേഹം താനെയിലെ പാലത്തിന് താഴെ നിന്ന് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അതേ സ്ഥാപനത്തിലെ ഇന്റേൺഷിപ്പ് ചെയ്യുന്ന മാദ്ധ്യമ പ്രവർത്തകയായ അങ്കിത ശർമയെയും പ്രസാധകനായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
'ഇന്ത്യ അണ്‍ബൗണ്ട് ' എന്ന മാസികയുടെയും ഇന്റർനെറ്റ് പോർട്ടലിന്റെയും എഡിറ്ററായിരുന്ന നിത്യാനന്ദ് പാണ്ഡേയെ (44) വെള്ളിയാഴ്ച മുതലാണ് കാണാതായത്. തുടർന്ന് അദ്ദേഹത്തിന്റെ കുടുംബം പൊലീസിൽ പതരാതി നൽകുകയും ചെയ്തിരുന്നു.
കഴിഞ്ഞ മൂന്ന് വർഷമായി അങ്കിത ഇന്ത്യ അൺബൗണ്ടിൽ പാണ്ഡെയുടെ അസിസ്റ്റന്റായി ജോലി നോക്കുകയായിരുന്നു. പക്ഷേ കഴിഞ്ഞ രണ്ടു വർഷമായി പാണ്ഡെ പെൺകുട്ടിയെ നിരന്തര ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നു. പലതവണ അപേക്ഷിച്ചിട്ടും പാണ്ഡെ പെൺകുട്ടിയെ ഉപദ്രവിക്കുന്നത് തുടർന്നു. മാനസികമായി തകർന്ന പെൺകുട്ടി അതേ സ്ഥാപനത്തിലെ പ്രസാധകനായ സതീഷിന്റെ സഹായത്തോടെ പാണ്ഡെയെ കൊലപ്പെടുത്താൻ തീരുമാനിച്ചു.
തുടർന്ന് ഉത്താനിലുള്ള ഒരു സ്ഥലം കാണിച്ചു കൊടുക്കാം എന്ന വ്യാജേന പാണ്ഡെയെ സംഭവസ്ഥലത്ത് എത്തിച്ചു. തുടർന്ന് അദ്ദേഹത്തിന് നൽകിയ പാനീയത്തിൽ മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. മരണം ഉറപ്പുവരുത്തിയ ശേഷം മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുകയുമായിരുന്നു. പൊലീസ് വ്യക്തമാക്കി.
ചെറുകിട പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നെങ്കിലും ആഡംബര ജീവിതം നയിച്ചിരുന്നയാളാണ് പാണ്ഡെ. മീരാറോഡിൽ ഭാര്യയ്ക്കും രണ്ടുമക്കൾക്കുമൊപ്പമാണ് പാണ്ഡേ താമസിച്ചിരുന്നത്. മുംബയിലെ രാഷ്ട്രീയ നേതാക്കളുമായും ഉദ്യോഗസ്ഥ പ്രമുഖരുമായും അടുത്തബന്ധം പുലർത്തിയിരുന്ന വ്യക്തിയാണ് പാണ്ഡെ.