air-india

ന്യൂഡൽഹി: ബാലാക്കോട്ട്​ ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ​ ആക്രമണത്തെ തുടർന്ന്​ പാക്​ വ്യോമ പാതയിലൂടെയുള്ള സർവീസുകൾ നിരോധിച്ചതിൽ​ എയർ ഇന്ത്യക്ക്​ കോടികളുടെ നഷ്ടമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ഫെബ്രുവരി 27നാണ്​ പാകിസ്​താൻ വ്യോമപാതയിൽ ഇന്ത്യക്ക്​ നിരോധനം ഏർപ്പെടുത്തിയത്​.

വ്യോമപാത നിരോധിച്ചതിനെ തുടർന്ന്​ എയർ ഇന്ത്യയുടെ വിമാനങ്ങൾ ഗുജറാത്ത്​ തീരം വഴി അറബികടൽ കടന്നാണ്​ യൂറോപ്പ്​ - നോർത്ത്​ അമേരിക്കൻ സർവീസുകൾ നടത്തിയിരുന്നത്​. ഇതുമൂലം മാർച്ച്​ 16 വരെ 60കോടിയിലധികം രൂപയുടെ നഷ്ടം എയർ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പാക് വ്യോമപാത നിരോധിച്ചതിലൂടെ യു.എസിലേക്കുള്ള വിമാന സർവീസുകളെയാണ് കാര്യമായി ബാധിച്ചത്. ഇതോടെ

വാഷിംഗ്ടൺ, ന്യൂയോർക്ക്​, ന്യൂവാർക്​, ചിക്കാഗോ എന്നിങ്ങനെയുള്ള യു.എസ്​ ഈസ്​റ്റ്​ കോസ്​റ്റ്​ നഗരങ്ങളിലേക്കുള്ള സർവീസുകളുടെ ദൈർഘ്യം വർധിക്കുകയും ഇന്ധന ചെലവ്​ വർധിക്കുകയും ചെയ്തതാണ് എയർ ഇന്ത്യയ്ക്ക് ബാദ്ധ്യതയായി മാറിയത്.

പാകിസ്ഥാനിലൂടെ അല്ലാതെ സർവീസുകൾ വഴിമാറ്റി വിടുമ്പോൾ ഇന്ധനം നിറയ്ക്കുന്നതിനായി വിമാനങ്ങൾ ഷാർജയിലോ,​ വിയന്നയിലോ ഇറക്കേണ്ടി വരും. ഇത്തരത്തിൽ ഇന്ധനം നിറക്കുന്നതിനുള്ള ലാൻഡിങ്ങിനായി 50ലക്ഷം രൂപയാണ്​ എയർ ഇന്ത്യയ്ക്ക് ചെലവായത്. കൂടാതെ പൊസിഷൻ ക്രൂ, എഞ്ചിനിയറുമാരെ നിയമിക്കൽ എന്നിവക്കായി ആകെ 60കോടിയിലധികം രൂപയും ചെലവഴിച്ചിട്ടുണ്ട്. ഇന്ധനം നിറയ്ക്കുന്നതിനായി ഇടയ്ക്ക് വിമാനം നിലത്തിറക്കുന്നത് മൂലം യാത്രക്കാർക്ക് സമയനഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്.