മുംബയ്: അനിയൻ അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിക്കാൻ 550 കോടി രൂപ കൊടുത്ത് റിലയൻസ് മേധാവി മുകേഷ് അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് അനിൽ അംബാനി നൽകേണ്ട 550 കോടി രൂപ കുടിശികയാണ് മുകേഷ് അംബാനി നൽകിയത്. എറിക്‌സൺ കമ്പനിക്കുള്ള കുടിശിക കൊടുത്തു തീർക്കാൻ അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷന് സുപ്രീം കോടതി നൽകിയ സമയപരിധി അവസാനിക്കാൻ ഇരിക്കെയാണ് ഇത്.
കുടിശിക നല്കണമെന്ന ഉത്തരവ് ലംഘിച്ചതിന് അനിൽ അംബാനിയെ കോടതിയലക്ഷ്യത്തിന് ജയിലിൽ അടയ്ക്കുമെന്ന് ഫെബ്രുവരി 19ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നടത്തിപ്പിന് എറിക്‌സണുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള പണം നൽകാത്തതാണ് നിയമ യുദ്ധത്തിലേക്ക് നയിച്ചത്. 46000 കോടി രൂപയാണ് അനിൽ അംബാനിയുടെ കമ്പനിയുടെ ആകെ ബാദ്ധ്യത. പണം അടച്ചതായി റിലയൻസ് കമ്യുണിക്കേഷന്‍ വ്യക്തമാക്കിയതിന് പിന്നാലെ സഹോദരൻ മുകേഷ് അംബാനിക്കും ഭാര്യ നിത അംബാനിക്കും നന്ദിപറഞ്ഞ് അനിൽ അംബാനി പ്രസ്താവനയിറക്കി. വിഷമഘട്ടത്തിൽ ഒപ്പം നിന്നതിന് താനും കുടുംബവും ഹൃദയം നിറഞ്ഞ നന്ദി പറയുന്നുവെന്നായിരുന്നു അനിൽ അംബാനിയുടെ പ്രസ്താവന.
കോടതി ഉത്തരവനുസരിച്ച് നൽകേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നൽകാത്തതിന് എറിക്സൺ ഇന്ത്യയാണ് ഹർജി നൽകിയത്. റഫാൽ ഇടപാടിൽ നിക്ഷേപിക്കാൻ പണമുള്ള അനിൽ അംബാനി തങ്ങൾക്കു തരാനുള്ള പണം തരാതിരിക്കുകയാണെന്ന് എറിക്സൺ കോടതിയെ അറിയിച്ചിരുന്നു. അനിലിനും മറ്റു ഡയറക്ടർമാർക്കുമെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും പണമടയ്ക്കും വരെ അംബാനിയെയും മറ്റും തടവിലിടണമെന്നും ഇവർ രാജ്യം വിട്ടുപോകാതിരിക്കാൻ നടപടിയെടുക്കണമെന്നുമാണ് എറിക്‌സന്റെ ആവശ്യം. അനിൽ അംബാനി ഗ്രൂപ്പ് തങ്ങൾക്ക് 500 കോടി രൂപ നൽകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വീഡിഷ് കമ്പനി കോടതിയിലെത്തിയത്. കോടതിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ ധാരണപ്രകാരം അനിൽ നൽകാനുള്ള 1600 കോടി 500 കോടിയാക്കി എറിക്സൺ കിഴിവു ചെയ്തിരുന്നു. എന്നാൽ ഇത് നൽകാൻ അംബാനി തയ്യാറാകാത്തതോടെയാണ് കോടതി ജയിലിൽ ഇടുമെന്ന് പ്രഖ്യാപിച്ചത്.