k-r-meera

കൊല്ലം: വോട്ടിനും പിന്തുണയ്‌ക്കും സ്ഥാനാർത്ഥിയോട് പരസ്യമായി 'പ്രതിഫലം ' ചോദിച്ച് എഴുത്തുകാരി കെ.ആർ.മീര. കൊല്ലത്തെ ഇടത് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ വിജയത്തിനായി ഇന്നലെ ചേർന്ന മുൻകാല വിദ്യാർത്ഥികളുടെ കൂട്ടായ്‌മയിൽ സംസാരിക്കുകയായിരുന്നു മുഖ്യ പ്രഭാഷകയായ കെ.ആർ.മീര. പ്രസംഗത്തിനിടെ ബാലഗോപാലിന് വിജയാശംസകൾ നേർന്ന് മീര ' പ്രതിഫലം' ചോദിച്ചത് സദസ്സിനെ അമ്പരപ്പിച്ചു.

മരണാസന്നയായി കഴിയുന്ന ശാസ്‌താംകോട്ട തടാകത്തെ സംരക്ഷിക്കാൻ എം.പിയാകുമ്പോൾ പദ്ധതി കൊണ്ടുവരണമെന്ന 'പ്രതിഫല'മായിരുന്നു മീരയുടെ ആവശ്യം. തിങ്ങി നിറഞ്ഞ സദസ് ഹർഷാരവത്തോടെയാണ് ഇതേറ്റെടുത്തത്. അപ്പോഴാണ് അവരുടെ ശ്വാസം നേരെയായതും. കശ്‌മീരിലെ ദാൽ തടാകത്തിന്റെ അഴകുള്ള ശാസ്‌താംകോട്ട തടാകമാണ് കൊല്ലം നഗരത്തിന്റെ ദാഹം ശമിപ്പിക്കുന്നതെന്ന സത്യം മറക്കരുതെന്നും അവർ സദസിനെ ഓർമ്മിപ്പിച്ചു.

അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ പറത്തി ഗർജ്ജനം സൃഷ്‌ടിക്കുന്ന ഭരണാധികാരിയെക്കാളും സ്‌കൂൾ കുട്ടികളുടെ പഠന ഭാരം ലഘൂകരിക്കാൻ ബാഗ്‌ലെസ് പദ്ധതി നടപ്പാക്കിയ ബാലഗോപാലിനെയാണ് താൻ ഇഷ്‌ടപ്പെടുന്നതെന്നും അവർ പറഞ്ഞു. ദൗർ‌ബല്യങ്ങും കുഴപ്പങ്ങളും മാറ്റി ഇടതുപക്ഷം പ്രവ‌ർത്തിക്കേണ്ടതിന്റെ ആവശ്യകത ഊന്നി പറഞ്ഞാണ് എം.എ.ബേബിയും മന്ത്രിമാരായ ഡോ.തോമസ് ഐസക്കും ജെ.മെഴ്‌സിക്കുട്ടിഅമ്മയും ഉൾപ്പെടെ സന്നിഹിതരായിരുന്ന വേദിയിൽ അവർ പ്രസംഗം അവസാനിപ്പിച്ചത്.