കേരളത്തിൽ വെസ്റ്റ് നൈൽ രോഗം മൂലം മലപ്പുറം ജില്ലയിൽ തിരൂരങ്ങാടിയിൽ ഒരു കുട്ടി മരണപ്പെട്ടത് ഗൗരവമായി കാണേണ്ടതുണ്ട്. ഈ ആഗോളവത്കൃത യുഗത്തിൽ നിരവധി ജന്തുജന്യരോഗങ്ങൾ മനുഷ്യരിലെത്തുന്നു എന്നതിന്റെ തെളിവാണിത്. 1937-ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിൽ റിപ്പോർട്ട് ചെയ്ത രോഗം 2011-ൽ കേരളത്തിലാദ്യമായി ആലപ്പുഴ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്ളേവിഡേ കുടുംബത്തിൽപ്പെട്ട വെസ്റ്റ് നൈൽ വൈറസാണ് രോഗത്തിനു കാരണം.
ക്യൂലക്സ് കൊതുകുകളിലൂടെയാണ് രോഗം മനുഷ്യരിലും, പക്ഷികളിലും, മൃഗങ്ങളിലുമെത്തുന്നത്. രോഗം ബാധിച്ച പക്ഷികൾ, മൃഗങ്ങൾ എന്നിവയിൽ നിന്നും ക്യൂലക്സ് ഇനം കൊതുകുകളിലൂടെ മനുഷ്യരിലേക്കും രോഗം പകരാം. എന്നാൽ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദേശാടനപക്ഷികളിൽ നിന്നാണ് രോഗം പകരുന്നതെന്നാണ് നിഗമനം. വളർത്തു മൃഗങ്ങളിൽ, കുതിരകളിൽ രോഗബാധയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. വളർത്തുപക്ഷികൾ, കന്നുകാലികൾ എന്നിവയിലും രോഗമുണ്ടാകാം. പ്രകടമായ രോഗലക്ഷണമില്ലാത്ത സബ്ക്ലിനിക്കൽ രോഗാവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷികൾ നിശബ്ദ രോഗവാഹികളായി വർത്തിക്കാറുണ്ട്. ദേശാടനപക്ഷികൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ രോഗബാധയ്ക്കുള്ള സാദ്ധ്യതയേറെയാണ്. കടലുണ്ടി പക്ഷിസങ്കേതത്തിന്റെ സാമീപ്യം തിരൂരങ്ങാടിയിൽ രോഗബാധയ്ക്ക് ഇടവരുത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ശക്തിയായ പനി, തലവേദന, ക്ഷീണം, ശരീരവേദന, ഛർദ്ദി, ഓക്കാനം, ഗ്രന്ഥികളുടെ വീക്കം, തൊലിപ്പുറത്ത് ചുവന്ന് തടിച്ച് വരിക എന്നിവ പൊതുവായ രോഗലക്ഷണങ്ങളാണ്. മസ്തിഷ്കജ്വരം, മരണകാരണമാകാറുണ്ട്. രോഗംബാധിച്ച 80 ശതമാനം പേരിലും ചിലപ്പോൾ പ്രകടമായ രോഗലക്ഷണങ്ങൾ കാണപ്പെടാറില്ല. വൈറസ് ശരീരത്തിനകത്തു കടന്നാൽ 3 -14 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗനിയന്ത്രണത്തിനായി താഴെകൊടുത്തിരിക്കുന്ന കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം
കൊതുകു നിയന്ത്രണത്തിന് പ്രാധാന്യം നൽകണം. വീടിനടുത്ത് മലിനജലം
കെട്ടി നിൽക്കാൻ ഇടയാകരുത്. അഴുക്ക് ചാലുകൾ മാലിന്യരഹിതമാക്കണം.
പക്ഷിസങ്കേതത്തിന് സമീപമുള്ളവർ ജാഗ്രത പാലിക്കണം. തത്കാലം പക്ഷിസങ്കേതത്തിനടുത്തേക്കുള്ള കുട്ടികളുടെ യാത്ര ഒഴിവാക്കണം.
അവധിക്കാലത്ത് പക്ഷിസങ്കേതത്തിലേക്കുള്ള യാത്ര ഒഴിവാക്കുക.
വളർത്തുപക്ഷികൾ പെട്ടെന്ന് ചത്തൊടുങ്ങുന്നുണ്ടെങ്കിൽ ഏറ്റവുമടുത്തുള്ള മൃഗാശുപത്രിയിൽ
വിവരമറിയിക്കണം.
തൊഴുത്തും, പക്ഷിക്കൂടുകളും രോഗാണുവിമുക്തമാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ആവശ്യത്തിന് വ്യക്തിശുചിത്വം പാലിക്കണം.
അനാവശ്യ ഭീതി പരത്തരുത്.
രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടയുടനെ ചികിത്സ ലഭ്യമാക്കണം.
ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ നിർദ്ദേശങ്ങൾ പാലിക്കണം.
(ലേഖകൻ വെറ്ററിനറി സർവകലാശാലയിലെ മുൻ ഡയറക്ടറും, ഇപ്പോൾ കോഴിക്കോട്
യു.എൽ. എഡ്യുക്കേഷൻ ഡയറക്ടറുമാണ്)