ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വടകരയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മുതിർന്ന കോൺഗ്രസ് നേതാവും വട്ടിയൂർക്കാവ് എം.എൽ.എയുമായ കെ.മുരളീധരനെ രംഗത്തിറക്കാൻ എ.ഐ.സി.സി തീരുമാനം. സി.പി.എമ്മിലെ കരുത്തനും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന പി.ജയരാജനെ നേരിടാൻ ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന നിർദ്ദേശത്തെ തുടർന്നാണ് കോൺഗ്രസ് കേന്ദ്രനേതൃത്വം മുരളീധരന്റെ പേര് പരിഗണിച്ചത്. വയനാട്ടിൽ ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ടി.സിദ്ധീഖിനെ തന്നെ മത്സരിപ്പിക്കാനും കോൺഗ്രസ് തീരുമാനിച്ചു. ഇനി ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ബാക്കിയെന്നും കോൺഗ്രസ് നേതാക്കൾ വിശദീകരിക്കുന്നു.
വടകരയിൽ സ്ഥാനാർത്ഥിയാകണമെന്ന വിഷയവുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയെന്നും ഇക്കാര്യം കെ.മുരളീധരൻ സമ്മതിച്ചെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. മുരളീധരൻ അനായാസം ജയിക്കുമെന്ന് ഉറപ്പാണ്. മുരളീധരൻ എന്നല്ല ഏത് സ്ഥാനാർത്ഥിയെ നിറുത്തിയാലും വടകരയിൽ കോൺഗ്രസിന് വിജയം ഉറപ്പാണ്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയാണ് മുരളീധരൻ. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനം ഉണ്ടായിട്ടില്ല. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച പ്രഖ്യാപനം കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തുമെന്നും അദ്ദേഹം അറിയിച്ചു. വടകര മണ്ഡലത്തിൽ മത്സരിക്കാൻ തയ്യാറാണെന്ന് താൻ അറിയിച്ചിട്ടുണ്ടെന്ന് മുരളീധരനും പ്രതികരിച്ചു. പാർട്ടി പറഞ്ഞാൽ തീർച്ചയായും മത്സരിക്കും. അക്രമരാഷ്ട്രീയത്തിനെതിരെയുള്ള പോരാട്ടമായാണ് വടകരയിലെ മത്സരത്തെ കാണുന്നത്. സ്ഥാനാർത്ഥി നിർണയം വൈകുന്നത് തിരിച്ചടിയാണെന്ന് തോന്നുന്നില്ല. തന്റെ എതിർ സ്ഥാനാർത്ഥി ആരാണെന്ന് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാനാർത്ഥി നിർണയത്തിലും ആദ്യഘട്ട പ്രചാരണത്തിലും ഇടതുമുന്നണിയോട് ഒരു ഘട്ടത്തിൽ പിന്നിട്ട് നിന്ന കോൺഗ്രസിന് വടകര മണ്ഡലത്തിൽ നിർണായക സ്വാധീനം ഉറപ്പിക്കാൻ കഴിയുന്നതാണ് മുരളീധരന്റെ സ്ഥാനാർത്ഥിത്വം. ഒപ്പം പി.ജയരാജനെതിരെ ശക്തമായ പോരാട്ടം കാഴ്‌ച വയ്‌ക്കാനും മുരളീധരന് കഴിയുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.